വിവാഹ സമ്മാനം തുറന്ന് നോക്കിയ നവവരനും മുത്തശ്ശിക്കും ദാരുണാന്ത്യം; അജ്ഞാത വസ്തു പൊട്ടിത്തെറിച്ചതാണ് മരണ കാരണം

ഭുവനേശ്വര്‍: വിവാഹ സമ്മാനം തുറന്നു നോക്കിയ നവവരന് ദാരുണാന്ത്യം. സമ്മാനമായി ലഭിച്ച അജ്ഞാത വസ്തു പൊട്ടിത്തെട്ടിറിച്ച് യുവാവും മുത്തശ്ശിയും മരിച്ചു. ഒഡിഷയിലെ ബൊലാങ്കിര്‍ ജില്ലയിലാണു സംഭവം. വിവാഹ സമ്മാനങ്ങള്‍ തുറന്നു നോക്കുമ്പോള്‍ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പൊള്ളലേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

ഇദ്ദേഹത്തിന്റെ മുത്തശ്ശി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. സമ്മാനപ്പെട്ടി തുറക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഭാര്യയ്ക്കും ഗുരുതര പരുക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരി 21നായിരുന്നു യുവാവിന്റെ വിവാഹം. അജ്ഞാതനായ ഒരു വ്യക്തിയാണു സമ്മാനം നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം സമ്മാനങ്ങള്‍ തുറന്നു നോക്കുമ്പോഴായിരുന്നു അപകടം. വന്‍ സ്‌ഫോടന ശബ്ദത്തോടെയാണ് ‘സമ്മാനം’ പൊട്ടിത്തെറിച്ചതെന്നു പ്രദേശവാസികള്‍ പറഞ്ഞു.

ആരാണു സമ്മാനം നല്‍കിയതെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു. സമ്മാനം നല്‍കിയ വ്യക്തിയെ തിരിച്ചറിഞ്ഞാല്‍ മാത്രമേ കേസില്‍ പുരോഗതിയുണ്ടാകൂവെന്നും പൊലീസ് വ്യക്തമാക്കി.

Top