അട്ടപ്പാടിയെ മരുഭൂമിയാക്കി കോടികളുടെ വനം കൊള്ള; കാട് വെട്ടിതെളിയ്ക്കാന്‍ അധികൃതരുടെ ഒത്താശ

പാലക്കാട്: വനംവകുപ്പിന്റെ ഒത്താശയില്‍ അട്ടപ്പാടിയില്‍ നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ മരങ്ങള്‍ ഉള്‍പ്പടെ കോടികളുടെ മരങ്ങള്‍ കൊള്ളയടിക്കുന്നു. ഗൂളിക്കടവില്‍ നിന്നും പത്തുകിലമീറ്റര്‍ അകലെ ചിറ്റൂരിനടുത്ത കയ്യേനി മേഖലയില്‍ നിന്നാണ് അടുത്ത ദിവസങ്ങളില്‍ അമ്പതിലേറെ ലോഡ് വന്‍ മരങ്ങള്‍ കടത്തിക്കൊണ്ടുപോയത്. സ്വകാര്യവ്യക്തികളുടെ ഉടമസ്തതയിലുള്ള കാട്ടില്‍ നിന്നാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള വന്‍ മരങ്ങള്‍ രാവും പകലും വ്യത്യാസമില്ലാതെ കടത്തിയത്.

ഏകദേശം 25 ഏക്കര്‍ വനം പ്രദേശം ദിവസങ്ങള്‍ക്കുള്ളിലാണ് ഇവിടെ മൊട്ടക്കുന്നാക്കി ചെറുതും വലുതുമായ മുഴുവന്‍ മരങ്ങളും വെട്ടിനിരത്തിയത്. പാഴ്മരങ്ങളെ പോലും ബാക്കിയാക്കാതെയാണ് മരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്. ലോഡിംഗ് തൊഴിലാളികള്‍ക്കുപുറമെ ഗുണ്ടകളുടെ കാവലിലാണ് മരങ്ങള്‍ വെട്ടിമാറ്റലും കടത്തിക്കൊണ്ടുപോകലും നടന്നതെന്ന് പരിസരവാസികള്‍ വ്യക്തമാക്കുന്നു. ഒരു ലോഡിനുള്ള പാസില്‍ ഇരുപത്തിയഞ്ചു ലോഡ് എന്ന കണക്കിലാണ് മരങ്ങള്‍ കടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതാകട്ടെ പാഴ് മരങ്ങളെന്ന പേരിലും. ഈട്ടി, തേക്ക്, മഹാഗണി പോലുള്ള വില കൂടിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളുടെ വന്‍ശേഖരമാണ് ഇവിടെ നിന്നും കടത്തിയിരിക്കുന്നത്. നേരത്തെ മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ അധീനതയിലായിരുന്ന അട്ടപ്പാടി-ഷോളയൂര്‍ വനമേഖല 1971 ല്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായെങ്കിലും ഇവയിലെ കണ്ണായ പലമേഖലകളും റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രേഖകള്‍ ചമച്ച് വ്യക്തികളും ഗ്രൂപ്പുകളും കയ്യടക്കിയിരുന്നു.

ഈ ഭൂമികളിലാണ് ഇപ്പോള്‍ എല്ലാ നിയമങ്ങളേയും കാറ്റില്‍ പറത്തി കാടുവെട്ടിത്തെളിയിക്കുന്നത്. നേരത്തെ അട്ടപ്പാടിയില്‍ നിന്നും മരങ്ങള്‍ മുറിച്ചുകടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ജനജാഗ്രതയെന്ന സംഘടന കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവിടെ മരം മുറിക്കുന്നതും കടത്തുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. പ്രസ്തുത ഉത്തരവിനെ പരിഹസിക്കുന്ന തരത്തിലാണ് വനം വകുപ്പിന്റെ ഒത്താശയോടെയുള്ള മരംവെട്ട് നടക്കുന്നത്. ഷോളയൂര്‍ വനമേഖല സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ കരുതല്‍മേഖലയാണെന്നതുപോലും ബന്ധപ്പട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് ഖേദകരം.

നീലഗിരി ജൈവകരുതല്‍ മേഖലയായ ഇവിടെ പ്രത്യേകം സംരക്ഷണം വേണമെന്ന യുനസ്‌കൊ നിര്‍ദ്ദേശവും അവഗണിക്കപ്പെടുകയാണ്. ഇപ്പോള്‍ നടക്കുന്ന മരംമുറിയില്‍ ഇവിടുത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തിരിച്ചുകിട്ടാത്തവിധം തകര്‍ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശിരുവാണിയുടേയും ഭവാനിയുടേയും വൃഷ്ടിപ്രദേശമായ ഈ പ്രദേശം തരിശാവാന്‍ മാസങ്ങള്‍ മതിയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതിന്റെ സാധൂകരണമെന്ന നിലയില്‍ ഇപ്പോള്‍ തന്നെ ഇവിടെയുള്ള കൊച്ചരുവികള്‍ വരണ്ടുതുടങ്ങിയിട്ടുണ്ട്. മരംമുറി മൂലം മഴ നിഴല്‍ മേഖലയായ കിഴക്കന്‍ അട്ടപ്പാടിയിലെ ജലക്ഷാമം രൂക്ഷമാകുകയും മേല്‍ മണ്ണിളകി ഇവിടെ മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും സാധ്യത വര്‍ധിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. മരം മുറിയില്‍ കാടുകള്‍ ഇല്ലാതായ ഇവിടെ മുത്തിക്കുളം വനമേഖലയില്‍ നിന്നും സൈലന്റ് വാലിയിലേക്കുള്ള ആനകളുടെ വഴിത്താര കൂടിയാണ് ഇല്ലാതാക്കിയിരിക്കുന്നത്.

 

Top