പാലക്കാട് സഹോദരിമാര്‍ മരണപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; അനാസ്ഥ കാണിച്ച പോലീസുകാര്‍ക്കെതിരെ നടപടി വൈകുന്നു

പാലക്കാട്: അട്ടപ്പള്ളത്ത് സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട് മരണപ്പെട്ട കേസില്‍ ബന്ധു ഉള്‍പ്പെടെ രണ്ടു പേരേക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ സഹോദരിയുടെ മകന്‍ മധു, അയല്‍വാസി പ്രദീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. അതിനിടെ, സ്ഥലം എംഎല്‍എയും സംസ്ഥാന ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ മരിച്ച കുട്ടികളുടെ വീടു സന്ദര്‍ശിച്ചു.

അതേസമയം, കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ ബന്ധുവിനേയും പിതാവിന്റെ സുഹൃത്തിനേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനായ മധു, അച്ഛന്റെ സുഹൃത്തും എട്ടുവര്‍ഷമായി ഈ കുടുബത്തോടൊപ്പം താമസിക്കുന്ന ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. പോക്സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ മരണത്തില്‍ കൊലപാതക സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. മധു രണ്ടു കുട്ടികളെയും പീഡിപ്പിച്ചതായാണു പൊലീസിന്റെ കണ്ടെത്തല്‍. മൂത്ത കുട്ടിയെ മരണത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വരെ ഷിബു പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ അറസ്റ്റിലായ ഷിബു എട്ടു വര്‍ഷമായി ഈ കുടുംബത്തോടൊപ്പമാണു താമസം. മധുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഇളയപെണ്‍കുട്ടിയുടെ ചിത്രം പൊലീസിനു ലഭിച്ചതായാണു സൂചന. മൂത്ത കുട്ടി മരിച്ച ദിവസം രണ്ടു പേരെ മൂഖം മൂടി ധരിച്ചു പരിസരത്തു കണ്ടതായി ഇളയ സഹോദരി മൊഴി നല്‍കിയിരുന്നു. ഇവരിലൊരാള്‍ മധുവാണെന്നു പൊലീസ് സ്ഥിരീകരിച്ചു. അന്ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചു. മധു ഒരുവര്‍ഷത്തോളമായി മൂത്തമകളെ ഉപദ്രവിച്ചിരുന്നെന്ന് അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഉറ്റബന്ധുക്കള്‍ ഉള്‍പ്പെടെയുളളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ജെ.സോജന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്ന നടപടികളും തുടങ്ങി. കുട്ടികള്‍ ചൂഷണത്തിനിരയായ വിവരം കഴിഞ്ഞദിവസം മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് തീര്‍ത്തും അവഗണിച്ചതിനാലാണ് രണ്ടാമത്തെ കുട്ടിയും മരിക്കാനാടയായത് എന്ന ആരോപണം ശക്തമാണ്. പോലീസ് പ്രതികളോടൊപ്പം നിന്ന് ഒത്തുകളിക്കുകയാണെന്ന് അച്ചുതാനന്ദന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രതികള്‍ക്കായി ഇടപെട്ടിരുന്നു. അനാസ്ഥ കാണിച്ച പോലീസുകാര്‍ക്കെതിരെ നടപടെടുക്കാത്തത് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

Top