തൃശൂര്‍: ജാനാധിപത്യത്തിന്റെ നാലാം തൂണുകളാണ് മാധ്യമ പ്രവര്‍ത്തകരെന്നാണ് വെപ്പ്. എന്നാല്‍ സ്വന്തം സംഘടനയിലെ ജനാധിപത്യത്തെ പോലും വെല്ലുവിളിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് കേരളത്തിലുള്ളതെന്ന തെളിഞ്ഞു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്റെ തിരഞ്ഞെടുപ്പില്‍ ബാലറ്റും പേപ്പറും സീലും അടിച്ചുമാറ്റിയാണ് പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ കഴിവ് തെളിയിച്ചത്.
ഇന്നലെ നടന്ന സംസ്ഥാന ഭാരവാഹികളുടെ വോട്ടെടുപ്പില്‍ തൃശൂരിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ട ബാലറ്റ് പേപ്പറുകള്‍ എണ്ണി കൃത്യമായി മാറ്റി വച്ചിരുന്നു.
ഇതാണ് മോഷണം പോയത്. അതിനൊപ്പം വോട്ട് ചെയ്യാനുള്ള സീലും കാണാതാതി. ഇതോടെ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനമായി മാറിയിരിക്കുകയാണ് ഈ മോഷണ വാര്‍ത്ത.
സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും പ്രതിഷേധം അറിയിച്ചതോടെ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പത്മനാഭന്റെ ജില്ലയായ തൃശൂരില്‍ അദ്ദേഹത്തിനെതിരെ തന്നെ പ്രബലമായൊരു വിഭാഗം രംഗത്തുണ്ട്.
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ജില്ലയിലെ കലഹവും ആരംഭിച്ച് കഴിഞ്ഞിരുന്നു. ഫോട്ടൊ ജേണലിസ്റ്റ് കൂട്ടായ്മയുടെ ഫോട്ടൊ എക്‌സിബിഷന്‍ തടസപ്പെടുത്താന്‍ പ്രസ്സ് ക്ലബിന്റെ ഔദ്യോഗിക ഭാരവാഹികള്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
യൂണിയന്റെ വിലക് ലംഘിച്ച് എക്‌സിബിഷന്‍ നടത്തിയ ഏഴ് ഫോട്ടോ ജേണലിസ്റ്റുകളെ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തതോടെ കലഹം മുറുകി. മൂന്ന് മാസത്തേക്കുള്ള സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കാത്തതിനെതിരെ ഒരാള്‍കോടതി ഉത്തരവുമായി ഇത്തവണ വോട്ട് ചെയ്യാന്‍ അവകാശം നേടിയെടുത്തു. മറ്റുള്ളവര്‍ കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ചെങ്കിലുംകാലതാമസം ചൂണ്ടിക്കാട്ടി അവരുടെ ആവശ്യം കോടതി നിരസിച്ചിരുന്നു.
പ്രശ്‌നങ്ങള്‍ ഇത്രത്തോളം എത്തി നില്‍ക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് ദിവസം ബാലറ്റ് പേപ്പറും സീലും കാണാതായിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ അട്ടിമറി തന്നെയാണെന്നാണ് നിഗമനം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ഇരു വിഭാഗവും ആരോപിച്ചിട്ടുണ്ട്. മാതൃഭൂമി പുറത്താക്കിയ സി നാരായണന്‍ സംസ്ഥാന ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.
മാതൃഭൂമി മാനേജ്‌മെന്റ് നാരയണന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായി ശക്തമായി തന്നെ രംഗത്തുണ്ട്. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ ഭാവി തന്നെ നിര്‍ണയിക്കുന്ന ഈ തിരഞ്ഞെടുപ്പിലും ചക്കളത്തി പോരാട്ടമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്നതെന്നതാണ് വിരോധാഭാസം