തിരുവനന്തപുരം : തിരുവനന്തപുരത്തെ ആയുര്‍വേദ കോളേജിലെ ആശുപത്രിയില്‍ രോഗികള്‍ക്കുള്ള ഭക്ഷണത്തിന്റെ മെനു കേട്ടാല്‍ എല്ലാവരും ഒന്ന് അമ്പരക്കും. പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്ട്‌സ് ഇതൊക്കെയാണ് ഭക്ഷണം. പഴയ ബ്രഡ് അല്ല. ആശുപത്രിയിലെ കിടപ്പ്രോഗികള്‍ക്ക് ലഭിക്കുന്ന ബ്രഡിന്‍ കഷ്ണത്തിന് വിട പറയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാനാണ് പരിഷ്‌കരിച്ചത്. ഇതിന്‍ പ്രകാരം ഡയറ്റ് ഷെഡ്യൂളില്‍ നിന്നും ബ്രഡ് ഒഴിവാക്കി പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്ട്‌സ് എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തി.
ആയുര്‍വേദ ചികിത്സയ്ക്ക് കഴിക്കുന്ന ഭക്ഷണവുമായി വലിയ പ്രാധാന്യമാണുള്ളത് അതിനാലാണ് ഇത്തരത്തില്‍ മാറ്റം കൊണ്ട് വന്നതെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു . ഭക്ഷണ നിയന്ത്രണങ്ങളും ആയുര്‍വേദ ചികിത്സയുടെ ഭാഗമാണ്. അതിനാലാണ് ആയുര്‍വേദ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് മികച്ച ചികിത്സയോടൊപ്പം പോഷക സമ്പുഷ്ടമായ ഭക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.