ചണ്ഡീഗഡ്: ബാങ്ക് വിളിക്ക് ഉച്ചഭാഷിണിയുടെ ആവശ്യകത എന്തെന്ന് ഹരിയാന ഹൈക്കോടതി. ബാങ്കുവിളി ഇസ്ലാമിന്റെ അവിഭാജ്യമായ ഘടകമാണെന്ന് അംഗീകരിക്കാമെങ്കിലും അത് ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറയേണ്ട ആവശ്യകത എന്താണെന്നാണ് കോടതി ആരാഞ്ഞത്. മുസ്ലീം പള്ളികളിലെ പ്രാര്‍ത്ഥനകളേയും നിര്‍ബന്ധിത മതാരാധനയേയും സംബന്ധിച്ചുള്ള ഗായകന്‍ സോനു നിഗത്തിന്റെ വിവാദ ട്വീറ്റിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഹര്‍ജി നല്‍കിയതെന്നും ബാങ്ക് വിളിയെ അധിക്ഷേപിച്ചായിരുന്നില്ല സോനു നിഗത്തിന്റെ പരാമര്‍ശങ്ങളെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി എം.എം.എസ് ബേദി വ്യക്തമാക്കി. ബാങ്കുവിളി വിളിച്ച് പറയുന്നതിനെയാണ് നിഗം വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ സോനപാട്ട് സ്വദേശിയായ ആസ് മൊഹമ്മദാണ് സോനു നിഗത്തിനെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സോനുവിന്റെ ട്വീറ്റ് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അതിക്രമങ്ങള്‍ക്കിടയാക്കിയതായി മൊഹമ്മദ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പള്ളികളിലും ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ ഗുണ്ടായിസം എന്നായിരുന്നു സോനു നിഗം വിശേഷിപ്പിച്ചത്. ഇത്തരം പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും കേള്‍പ്പിച്ച് മതവിശ്വാസികള്‍ അല്ലാത്തവരെപ്പോലും പുലര്‍ച്ചെ വിളിച്ചുണര്‍ത്തുകയും പ്രാര്‍ത്ഥനകള്‍ക്കു ക്ഷണിക്കുകയും ചെയ്യുന്നതില്‍ വിശ്വാസം തീരെയില്ല. ഇത്തരത്തില്‍ നിര്‍ബന്ധിത മതവിശ്വാസം സൃഷ്ടിക്കുന്നതു ശരിയല്ല. അത് നിര്‍ത്തേണ്ടതു തന്നെയാണെന്നും അദ്ദേഹം ടിറ്റ്വറില്‍ കുറിച്ചിരുന്നു.