ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിക്കും എസ് പി നേതാവ് അസം ഖാനുമെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. ഇരുവര്‍ക്കും കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ചൊവ്വാഴ്ച രാവിലെ പത്തുമണിമുതല്‍ മൂന്നുദിവസത്തേക്ക് പ്രചരണം നടത്തുന്നതില്‍നിന്ന് അസം ഖാനെ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കി.
മേനക ഗാന്ധിക്ക് 48 മണിക്കൂറാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷപ്രസംഗം നടത്തിയതിനാണ് മേനക ഗാന്ധിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി ജയപ്രദക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് അസം ഖാനെതിരെ നടപടി.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ സ്ഥാനാര്‍ഥിയായ മേനക ഗാന്ധി തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിംകള്‍ക്കു തൊഴില്‍ നല്‍കാനാവില്ലെന്നാണ് പ്രചാരണ യോഗത്തില്‍ പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ തുറാബില്‍ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു വിവാദ പരാമര്‍ശം. ‘ഞാന്‍ ഇവിടെ വിജയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, മുസ്ലിംകള്‍ വോട്ടു ചെയ്യാതെയാണ് എന്റെ വിജയമെങ്കില്‍ തെന്നെ സന്തോഷിപ്പിക്കില്ല. മനസ്സില്‍ അതൊരു കയ്പാകും. എന്നിട്ട് ഒരു മുസ്ലിം ജോലി തേടി എന്നെ സമീപിക്കുമ്പോള്‍, ?ഞാന്‍ വിചാരിക്കും എന്തിനു ജോലി കൊടുക്കണം?
ഇതെല്ലാം ഒരു കൊടുക്കല്‍ വാങ്ങല്‍ ഇടപാട് അല്ലേ? നാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ..ഞാന്‍ ജയിച്ചു കഴിഞ്ഞു. പക്ഷേ, നിങ്ങള്‍ക്ക് എന്നെ ആവശ്യം വരും. ഈ ബൂത്തില്‍ നിന്ന് നൂറോ അന്‍പതോ വോട്ടു കിട്ടും. എല്ലാം കഴിഞ്ഞ് നിങ്ങള്‍ ജോലി തേടി എന്റെയടുത്തു വരും… ഇനി തീരുമാനമെടുക്കേണ്ടതു നിങ്ങളാണ്’- 3 മിനിറ്റ് പ്രസംഗത്തില്‍ മേനക പറഞ്ഞു.
‘റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വര്‍ഷമെടുത്തു നിങ്ങള്‍ക്ക് അവരുടെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാന്‍. എന്നാല്‍ 17 ദിവസത്തിനുള്ളില്‍ എനിക്കു മനസ്സിലായി അവര്‍ ധരിച്ചിരുന്നത് കാക്കി ഉള്‍വസ്ത്രമാണെന്ന്.’ – ഇങ്ങനെയായിരുന്നു അസം ഖാന്റെ വിവാദ പരമാര്‍ശം.