രാജമൗലിയുടെ ചലച്ചിത്രവിസ്മയം കണ്ട ട്വിങ്കിളിന് ഹരം നായകന്‍ ബാഹുബലിയോ പ്രതിനായകന്‍ റാണ ദഗുപതിയോ ഒന്നുമല്ല. അത് കട്ടപ്പയാണ്. സിനിമ കണ്ടതു മുതല്‍ കട്ടപ്പ ക്രേസ് തലയ്ക്കു പിടിച്ചിരിക്കുകയാണെന്ന് ട്വിങ്കിള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മകള്‍ നിതാരയെ കട്ടപ്പ എന്നു വിളിക്കുന്നിടം വരെയെത്തി ട്വിങ്കിളിന്റെ ഭ്രമം.
ഞാന്‍ ബാഹുബലി കണ്ടു. അതില്‍പ്പിനെ മകളെ കട്ടപ്പ എന്നാണ് വിളിക്കുന്നത്. അത് പക്ഷേ, അവളുടെ അച്ഛന് അത്ര പിടിച്ചിട്ടില്ല-ട്വിങ്കിള്‍ ട്വിറ്ററില്‍ കുറിച്ചു. അവളെ റൗഡി എന്നോ മറ്റോ വിളിച്ചാല്‍ അച്ഛന് കൂടുതല്‍ ഇഷ്ടമാകുമായിരുന്നുവെന്ന് ഭര്‍ത്താവ് അക്ഷയ് കുമാറിന് ഒരു കൊട്ടു കൊടുക്കുന്നുമുണ്ട് ട്വിങ്കിള്‍. അക്ഷയ് നായകനായ ചിത്രമാണ് റൗഡി റാത്തോഡ്.
ഞാന്‍ കട്ടപ്പയില്‍ ഭ്രമിച്ചുപോയിരിക്കുകയാണ്. വേണമെങ്കില്‍ നിങ്ങളും മൂന്ന് തവണ കട്ടപ്പ എന്നു പറഞ്ഞുനോക്കൂ. പിന്നെ നിര്‍ത്താനാവില്ല. നല്ല മധുരമുള്ള മിഠായി കഴിക്കുന്നത് പോലെയാണത്-മറ്റൊരു ട്വീറ്റില്‍ ട്വിങ്കിള്‍ കുറിച്ചു.
ട്വിങ്കിളിന്റെ ഈ വേറിട്ട ട്വീറ്റുകള്‍ക്ക് ആദ്യം മറുപടിയുമായി എത്തിയത് കട്ടപ്പയെ അവിസ്മരണീയമാക്കിയ സത്യരാജിന്റെ മകന്‍ തന്നെയാണ്.
ഞാന്‍ കട്ടപ്പയുടെ മകനാണ്. നിങ്ങളുടെ ട്വീറ്റ് കണ്ടതില്‍ അങ്ങേയറ്റം സന്തോഷവാനാണ് അച്ഛന്‍. രാജേഷ് ഖന്ന ജിയുടെ ഒരു വലിയ ആരാധകനാണ് അദ്ദേഹം. നിങ്ങളുടെ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സിബി രാജ് ട്വിറ്ററില്‍ കുറിച്ചു.