കൊച്ചി: ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അവര്‍ക്ക് വേണ്ടി തന്റെ ചങ്ക് നല്‍കാന്‍ പോലും തയ്യാറാണെന്നും അഭിപ്രായപ്പെട്ട് നടന്‍ ബാബുരാജ് രംഗത്ത്. ‘വെള്ളത്തില്‍ വീണ പൂച്ച’ എന്ന തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, തനിക്ക് ആ കുട്ടി സ്വന്തം സഹോദരിയെപ്പോലെയാണെന്നും ബാബുരാജ് പറഞ്ഞു. ‘അവനെ നൂറ് നൂറ് കഷ്ണമാക്കാന്‍ പോലും ഞാന്‍ ഒരുക്കമാണ്’. വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ വാര്‍ത്താ സമ്മേളനത്തിന് മറുപടി നല്‍കവെ നടന്‍ ബാബുരാജ് പറഞ്ഞ വാക്കുകളാണിത്.
നടി ആക്രമിക്കപ്പെട്ടതിന് കാരണമായ ആളെയാണ് ബാബുരാജ് ഉദ്ദേശിച്ചത്. എന്നാല്‍ ഇത് നടന്‍ ദിലീപിനെ ഉദ്ദശേിച്ച് തന്നെ പറഞ്ഞതാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയില്‍ ദിലീപ് പ്രതിസ്ഥാനത്തു നില്‍ക്കുന്നതു കൊണ്ട് തന്നെ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുമുണ്ട്. ഡബ്ല്യു.സി.സിക്കെതിരെ കടുത്ത പ്രത്യാരോപണങ്ങളാണ് ബാബുരാജ് ഉന്നയിച്ചത്. നടിയെ ‘അമ്മ’യില്‍ നിന്ന് അകറ്റാനാണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നതെന്നും, അതിന് പിന്നില്‍ അവര്‍ക്ക് മറ്റെന്തോ അജണ്ടയുണ്ടെന്നും ബാബുരാജ് തുറന്നടിച്ചു.