റോഡപകടങ്ങള്‍ ദിവസവും വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ചില നേരത്ത് അപകടം ഉണ്ടാകുന്നത് വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധമൂലമാണെങ്കില്‍ മറ്റുചിലപ്പോള്‍ വഴിയിലൂടെ നടന്നുപോകുന്നവരുടെ കുറ്റവുമാകാം. പ്രത്യേകിച്ച് റോഡ് മുറിച്ച് കുറുകെ കടക്കുമ്പോഴാണ് അപകടത്തിന് കൂടുതല്‍ സാധ്യത. രണ്ടു വശവും നോക്കി പതുക്കെ ശ്രദ്ധിച്ച് റോഡ് മുറിച്ചുകടക്കുമ്പോള്‍ പോലും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അതിനിടെയാണ് ഒരു കുഞ്ഞ് തിരക്കേറിയ റോഡിലൂടെ മുട്ടിലിഴഞ്ഞ് റോഡ് മുറിച്ചുകടക്കുന്നത്. പാഞ്ഞു വന്ന ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ ശ്രദ്ധയാണ് ആ കുഞ്ഞിന്റെ ജീവന്‍ അത്ഭുതകരമായി രക്ഷിച്ചത്. വിയറ്റ്മാനിലെ ഖ്വാങ് നിമിലാണ് സംഭവം. ലോറിയുടെ പിറകില്‍ വന്ന കാറിലിരുന്നവര്‍ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായത്. ദൃശ്യങ്ങളില്‍ കുഞ്ഞ് റോഡ് ക്രോസ് ചെയ്യുന്നതും ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നതും വ്യക്തമാണ്. ഈ ലോറി ഡ്രൈവര്‍ നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാഞ്ഞുവന്ന കാറും നിര്‍ത്തിയത്. നിര്‍ത്തിയ വാഹനത്തിന്റെ ഡാഷ്‌കാമിലാണ് ചിത്രം പതിഞ്ഞത്. മാര്‍ച്ച് 13നാണ് സംഭവം നടന്നതെന്നും ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിയാനാകുന്നുണ്ട്. വാഹനം നിര്‍ത്തിയയുടന്‍ റോഡിന്റെ മറുഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിവരുന്നതും മീഡിയന്‍ ചാടിക്കടന്ന് കുട്ടിയെ വാരിയെടുക്കുന്നതും കാണാം. മറ്റ് വഴിയാത്രക്കാര്‍ അവരുടെ അടുത്തേക്ക് വരുന്നതിനിടെ അവര്‍ റോഡ് ക്രോസ് ചെയ്ത് പോകുന്നതും വീഡിയോയിലുണ്ട്. വളവുതിരിഞ്ഞവന്നപ്പോള്‍ കുട്ടിയെ കാണാനിടയായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു. ലോറി നിര്‍ത്തിയിട്ടിരുന്നതുകൊണ്ട് മാത്രമാണ് അത് ശ്രദ്ധയില്‍പെട്ടതെന്നും കാര്‍ ഡ്രൈവര്‍ പറഞ്ഞു. റോഡ് ക്രോസ് ചെയ്ത് യുവതി എന്തോ ആവശ്യത്തിന് പോയ സമയത്ത് വാഹനത്തിലിരുന്ന കുരുന്ന് അതിന്റെ തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. അമ്മ പോയവഴിയെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. കുട്ടിയെക്കണ്ട ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തിയിട്ടു. ഇതോടെയാണ് അടുത്ത ലെയ്‌നില്‍ക്കൂടിവന്ന കാര്‍ ഡ്രൈവറും ഇത് ശ്രദ്ധിക്കാനിടയായത്.
തിരക്കേറിയ റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്; ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍ കുഞ്ഞുജീവന്‍ രക്ഷപ്പെട്ടത് ഇങ്ങനെ
Tags: Baby