ബാധ അകറ്റാന്‍ യുവതിയ്ക്കു ക്രൂരമര്‍ദനം: അര്‍ധരാത്രി യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി

ക്രൈം ഡെസ്‌ക്

കോട്ടയം: പ്രാര്‍ത്ഥന ഫലിച്ചില്ല, മാനസിക വിഭ്രാന്തിയുള്ള യുവതിയുടെ
”ബാധ” അകറ്റാന്‍ ചൂരല്‍ പ്രയോഗം. ദേഹമാസകലം അടിയേറ്റ യുവതി
നിലവിളിച്ചുകൊണ്ട് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍നിന്നും ഇറങ്ങി ഓടിയതോടെയാണ്
ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. ശബ്ദം കേട്ടുണര്‍ന്ന നാട്ടുകാര്‍ ഇവരെ
രക്ഷപെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ദേഹമാസകലം അടിയേറ്റ പാടുകളോടെ യുവതിയെ
കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം
പന്തികേടാണെന്ന് മനസിലാക്കിയ പാസ്റ്റര്‍ ഭാര്യയോടും കുട്ടികളോടുമൊപ്പം
മുങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ
പാസ്റ്ററെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോട്ടയം കേന്ദ്രീകരിച്ച് സ്വന്തമായി പ്രാര്‍ത്ഥനാലയം നടത്തുന്ന കൊല്ലം
കുണ്ടറ സ്വദേശി പാസ്റ്റര്‍ അനില്‍ കുമാറിനെയാണ് (56) മണര്‍കാട് പൊലീസ്
അറസ്റ്റ്‌ചെയ്തത്. തിരുവഞ്ചൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ചൂരല്‍
അടിയേറ്റത്.
ഇന്നലെ രാത്രി മണര്‍കാട്ടെ പാസ്റ്ററുടെ വീട്ടിലായിരുന്നു സംഭവം. മാനസിക
വിഭ്രാന്തിയുള്ള യുവതിയുടെ രോഗം പ്രാര്‍ത്ഥനയിലൂടെ ഭേദമാകുമെന്ന് പാസ്റ്റര്‍
പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രാര്‍ത്ഥനയും
ആരംഭിച്ചു. യുവതിയും അമ്മയും ഒമ്പത് മാസങ്ങള്‍ക്ക് മുന്‍പാണ് പാസ്റ്ററുടെ
പക്കലെത്തിയത്. പകല്‍ സമയങ്ങളില്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്നു ആദ്യം.
പിന്നീട് രോഗം പൂര്‍ണ്ണമായും ഭേദമാകണമെങ്കില്‍ ഇവിടെ താമസിച്ച് ഉപവാസം
നടത്തണമെന്നായി പാസ്റ്റര്‍. ഇതനുസരിച്ച് കഴിഞ്ഞ കുറെ ആഴ്ചകളായി ഇവര്‍ പാസ്റ്ററുടെ വീട്ടിലായിരുന്നു താമസം. പാസ്റ്ററെ കൂടാതെ ഈ വീട്ടില്‍ ഇയാളുടെ ഭാര്യയും കുട്ടികളുമുണ്ട്.
ഇന്നലെ രാത്രി യുവതി മാനസിക വിഭ്രാന്തി കാട്ടുകയും പരസ്പര വിരുദ്ധമായി സംസാരിക്കുകയും ചെയ്തു. ഇതോടെ പാസ്റ്റര്‍ പ്രാര്‍ത്ഥന നിര്‍ത്തി. ചൂരല്‍ കൈയ്യിലെടുത്തു. യുവതിയില്‍ കയറിയിരിക്കുന്ന ബാധയെ അടിച്ചു
പുറത്താക്കാനായിരുന്നു പാസ്റ്ററുടെ ശ്രമം.
ചൂരല്‍ പ്രയോഗത്തിന് ശക്തി ഏറിയതോടെ യുവതിക്ക് സഹിക്കാനായില്ല. നിലവിളിച്ച് വീടിന് പുറത്തേയ്ക്ക് ഓടി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ രക്ഷിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പാമ്പാടി സി.ഐ സാജു വര്‍ഗ്ഗീസിന്റെയും മണര്‍കാട് എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top