കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന ഉത്തരവ് ദൂരവ്യാപകമായ പല പ്രതിസന്ധികളുടെ സൃഷ്ടിക്കുമെന്ന് തെളിയിക്കുന്ന പ്രസ്താവനകളാണ് പുറത്ത് വരുന്നത്. വിശ്വാസികളായ സ്ത്രീകളിലെ വലിയൊരു വിഭാഗവും ആചാരങ്ങള്‍ പാലിച്ചുമാത്രമേ ശബരിമലയ്ക്ക് പോകുകയുള്ളൂ എന്ന് വെളിപ്പെടുത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച അവകാശം ഉറപ്പിക്കാനായി ശബരിമലകയറാന്‍ സ്ത്രീകള്‍ തയ്യാറാകുന്നുമുണ്ട്. സിനിമ താരം നവ്യനായര്‍ അടക്കം കാത്തിരിക്കാന്‍ തയ്യാര്‍ എന്ന അഭിപ്രായത്തിലാണ്.
എന്നാല്‍ വിധിയോട് പ്രതികരിച്ച രാഹുല്‍ ഈശ്വര്‍ കടുത്ത ഭാഷയില്‍ സംസാരിച്ചതും ഭീഷണിസ്വരം പുറത്തെടുത്തതും ആശങ്കയുണ്ടാക്കുന്നതാണ്. രാഹുല്‍ ഈശ്വര്‍ പറഞ്ഞ കാര്യങ്ങള്‍ കലാപമുണ്ടാക്കാനായിട്ടുള്ളതാണെന്ന് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആരോപിച്ചു. ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണ് അതെന്നും ശരിയായ നടപടിയല്ല ഇതെന്നും ഭാഗ്യലക്ഷ്മി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
”ചാനലിലിരുന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നത് കേട്ടു. വിധിയുടെ പശ്ചാത്തലത്തില്‍ കലാപമുണ്ടായാല്‍ ആരും ചോദിക്കാന്‍ വരരുത് എന്ന്. അദ്ദേഹം കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണ് അത്. തെറ്റായ ആഹ്വാനമാണ് അത്. ശരിയായ നടപടിയല്ല.” ഭാഗ്യലക്ഷ്മി പറഞ്ഞു.
വിധി ഇങ്ങനെ തന്നെയായിരിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ചിരുന്നു. കാരണം സുപ്രീം കോടതിയില്‍ നിന്ന് മറിച്ച് ഒരു വിധിയുണ്ടാകുമ്പോള്‍ അത് നമുക്ക് നിരാശയുണ്ടാക്കും. സുപ്രീം കോടതിയില്‍ നിന്നും ജനാധിപത്യമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നതിന്റെ തെളിവാണ് വിവാഹേതര ബന്ധത്തെ കുറിച്ചും സ്വവര്‍ഗ രതിയെ കുറിച്ചുമുള്ള സുപ്രീം കോടതിയുടെ വിധി. അതിലൂടെ സുപ്രീം കോടതിയിലുള്ള വിശ്വാസമാണ് വര്‍ദ്ധിക്കുന്നത്.
വിശ്വാസം വേറെ അവകാശം വേറെ. അവകാശം നിഷേധിക്കാന്‍ വ്യക്തിക്കോ സമുദായത്തിനോ സംഘടനകള്‍ക്കോ അധികാരമില്ല. പല മതത്തിലേയും പല വിഭാഗങ്ങളിലേയും ആളുകള്‍ക്ക് വേണ്ടി നമ്മള്‍ പോരാടി. പിന്നെ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മാത്രം മറിച്ചു ചിന്തിക്കുന്നത്. ഇത് മനുഷ്യാവകാശമല്ലേ. ഇതും മനുഷ്യാവകാശമാണ്. ഇതിനെ മാത്രം എതിര്‍ക്കുന്നത് എന്തിനാണ്?
സ്ത്രീകള്‍ക്ക് 41 ദിവസം വ്രതമെടുക്കാന്‍ പറ്റില്ല എന്നതായിരിക്കും ഇവര്‍ എഴുതി വെച്ച പ്രമാണം. എന്നാല്‍ 41 ദിവസം വ്രതമെടുക്കാതെ ശബരിമലയില്‍ പോകുന്ന നിരവധി പേരെ എനിക്ക് അറിയാം. പ്രായമല്ല ഇവിടെ പ്രശ്മാകുന്നത്. എന്ത് തരം അനീതിയാണ് ഇത്? എന്ത് തരം ദ്രോഹമാണ് മനുഷ്യനോട് ചെയ്യുന്നത്. ആരോടും ഇത്തരത്തിലുള്ള ദ്രോഹം ചെയ്യരുത്. ഭാഗ്യലക്ഷ്മി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുമതിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ടിന്റെ കാര്യത്തിലൊക്കെ സംഭവിച്ചതുപോലെ ഇവിടെയും സംഭവിച്ചുകൂടായ്കയില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ശബരിമല വിധിയില്‍ നീതി ലഭിച്ചില്ല. കോടതിയില്‍ നിന്ന് ബാലന്‍സ്ഡ് ആയുള്ള വിധി പോലുമല്ല വന്നത്. ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാത്രമല്ല ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നതും പ്രതീക്ഷ തരുന്നതാണ്.
ഇത് മണ്ഡലകാലമാണ്. ശബരിമല അടച്ച സമയമാണ്. ഒക്ടോബര്‍ 16 വരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ സമയമുണ്ട്. ഇതിനിടയില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരും. ആ സമയത്ത് ആരും ചോദിക്കാനായി വരരുത്. ശക്തമായ പ്രതിഷേധം തന്നെ ഇക്കാര്യത്തില്‍ അറിയിക്കുകയാണ്. ഭരണഘടന നമുക്ക് റിവ്യൂ ഓപ്ഷന്‍ തരുന്നുണ്ട്. അത്തരത്തില്‍ ആലോചിച്ച ശേഷം റിവ്യൂ പെറ്റീഷനുമായി മുന്നോട്ടോപോകമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.