കണ്ണൂര്‍: ബാഹുബലി ചിത്രീകരിച്ചത് വന്‍ പരിസ്ഥിതി നാശത്തിന് ഇടയാക്കിയെന്ന് പരാതി. വമ്പന്‍ വിജയത്തിലേയ്ക്ക് കുതിക്കുകയാണെങ്കിലും സിനിമയുടെ ചിത്രീകരണം വരുത്തിവച്ച പരിസ്ഥിതി നാശത്തില്‍ നിന്നും കണ്ണവം നിക്ഷിപ്ത വനഭൂമി മോചിതമാകണമെങ്കില്‍ 70-80 വര്‍ഷം വേണ്ടിവരും. എന്നാല്‍ കണ്ണവം വനത്തിന്റെ ദുരവസ്ഥ ആരും അറിയുന്നില്ല എന്നതാണ് സത്യം. കണ്ണൂര്‍ മാനന്തവാടി റോഡിലെ ചങ്ങല ഗേറ്റില്‍ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ വനപാതയിലൂടെ സഞ്ചരിച്ചാല്‍ ബാഹുബലി ചിത്രീകരിച്ച വനമദ്ധ്യത്തിലെത്താം. മാനം മുട്ടി നില്‍ക്കുന്ന നിബിഡവന പ്രദേശമാണിത്.
കാട്ടുപ്ലാവിന്റെ ചക്കകള്‍ തേടി കാട്ടാനകളും മറ്റും എത്തുന്ന സ്ഥലം. സാമ്പര്‍ ഇനത്തില്‍പ്പെട്ട മാനുകളുടെ വിഹാരഭൂമിയായിരുന്നു ഇത്. എന്നാല്‍ അടിക്കാടുകള്‍ നഷ്ടപ്പെട്ടതോടെ വന്യജീവികള്‍ ഇവിടം ഉപേക്ഷിച്ചിരിക്കയാണ്. ഈ സ്ഥലത്ത് എത്തും മുമ്പ് തന്നെ ചൂടുകാറ്റ് അനുഭവപ്പെടുകയും ചെയ്യുന്നു. സിനിമാ ഷൂട്ടിങ് കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞിട്ടും അടിക്കാടുകളുടെ സ്ഥാനത്ത് മണല്‍ പരപ്പ് മാത്രം. ഒരു മരം നഷ്ടപ്പെടുന്നതുപോലെയല്ല, അടിക്കാടുകള്‍ ഇല്ലാതാകുന്നത്. നല്ലൊരു അടിക്കാട് രൂപപ്പെടാന്‍ 70-80 വര്‍ഷം വേണം.
കേന്ദ്ര സര്‍ക്കാറിന്റെ വനാവകാശ പരിരക്ഷയുള്ള കണ്ണവം വനത്തില്‍ വനനിയമങ്ങള്‍ ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തിയതിനെതിരെ ആദിവാസികള്‍ കോടതിയെ സമീപിച്ചിരുന്നു. പത്തു ദിവസമാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വനമദ്ധ്യത്തില്‍ നടന്നത്. ചിത്രീകരണത്തിന് മുമ്പ് ഏതാനും ദിവസങ്ങള്‍ കൂടി ഷൂട്ടിങ് സംഘത്തിന്റെ അധീനതയിലായിരുന്നു ഈ വനം. വനാന്തര്‍ഭാഗത്ത് നടന്ന സംഭവങ്ങളാണ് പ്രധാനമായും കണ്ണവം വനത്തില്‍ ചിത്രീകരിച്ചത്.
നൂറിലേറെ പേരും അതോടൊപ്പം ഭീമന്‍ വാഹനങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളും വനമദ്ധ്യത്തില്‍ എത്തിയിരുന്നു. ചിത്രീകരണത്തിനായി ഇവര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കള്‍ കാട്ടില്‍ നാലിടത്തായി തീയിട്ടു നശിപ്പിക്കുകയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസി വാസകേന്ദ്രങ്ങളിലെ റോഡുകള്‍ ടാര്‍ ചെയ്യുന്നതിനു പോലും വിസമ്മതിക്കുന്ന വനം വകുപ്പ് അധികാരികള്‍ ബാഹുബലിയുടെ ചിത്രീകരണത്തില്‍ മയങ്ങിപ്പോവുകയായിരുന്നു.