ജീപ്പിൽ നിന്നും വീണ കുഞ്ഞ് ഇഴഞ്ഞ് വനംവകുപ്പ് ചെക്ക് പോസ്‌റ്റിലെത്തി..!! ഒന്നുമറിയാതെ മാതാപിതാക്കൾ സഞ്ചരിച്ചത് 50 കിലോമീറ്റർ

ഇടുക്കി: വാഹനത്തിൽ നിന്നും പുറത്തേയ്ക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് ഇഴഞ്ഞ് വനവകുപ്പ് ഓഫീസിലെത്തി അത്ഭുതകരമായി രക്ഷപ്പെട്ടു. പളനി ദർശനം കഴിഞ്ഞ് തിരികെ വന്ന ദമ്പതികളുടെ കുഞ്ഞാണ് ഓടിക്കൊണ്ടിരുന്ന  വാഹനത്തിൽ നിന്നും പുറത്തേയ്ക്ക് വീണത്.  ഇടുക്കി രാജമലയിൽ റോഡിലാണ് സംഭവം.

വീഴ്‌ചയിൽ പരിക്ക് പറ്റിയ കുഞ്ഞ് സമീപത്തെ വനം വകുപ്പിന്റെ ചെക്ക് പോസ്‌റ്റിലേക്ക് ഇഴഞ്ഞെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ച വനപാലകർ കുഞ്ഞിന് പ്രഥമ ശുശ്രൂഷയും നൽകി. അതേസമയം, കുഞ്ഞ് നഷ്‌ടമായത് അറിയാതെ ദമ്പതികൾ വാഹനത്തിൽ ഏതാണ്ട് 50 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു.

തുടർന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് മാതാപിതാക്കൾ തിരിച്ചെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയത്. വാഹനത്തിന്റെ പുറകിൽ ഇരുന്ന് ഉറങ്ങിയ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞ് താഴെ വീണെന്നാണ് മാതാപിതാക്കളുടെ നിലപാട്. സംഭവത്തിൽ ഇടപെട്ട സംസ്ഥാന ശിശുക്ഷേമ സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ കാര്യത്തിൽ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടാൽ മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ എസ്.പി.ദീപക് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കരഞ്ഞുകൊണ്ട് ഒന്നര വയസുകാരിയായ കുട്ടി വനംവകുപ്പിന്റെ രാജമലയിലെ വനംവകുപ്പിന്റെ ചെക്ക് പോസ്‌റ്റിലേക്ക് ഇഴഞ്ഞെത്തുന്നത്. ആദ്യമൊന്ന് അമ്പരന്ന ജീവനക്കാർ ഉടൻ തന്നെ കുട്ടിയെ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുട്ടിയെ ആരെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും എന്തോ ഒന്ന് തെറിച്ചുവീണതായി ശ്രദ്ധയിൽ പെട്ടത്. പിന്നാലെ റോഡിന്റെ മറുഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ കുഞ്ഞ് ചെക്ക് പോസ്‌റ്റിലെ വെളിച്ചം കണ്ട് ഇങ്ങോട്ട് ഇഴഞ്ഞുനീങ്ങുകയായിരുന്നു.

മുഖത്തും നെറ്റിയിലും പരിക്കേറ്റ കുട്ടിയെ വനംവകുപ്പ് അധികൃതർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും മൂന്നാർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ‌്തു. ഇതിനിടയിൽ വീട്ടിലെത്തിയ ദമ്പതികൾ കുഞ്ഞിനെ കാണാതെ പരിഭ്രാന്തരാവുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ‌്‌തു . തുടർന്ന് കുഞ്ഞ് മൂന്നാർ പൊലീസ് സ്‌റ്റേഷനിലുണ്ടെന്ന് വ്യക്തമാവുകയും മാതാപിതാക്കൾ ഇവിടെയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങുകയുമായിരുന്നു.

അതേസമയം, കുഞ്ഞിന്റേത് അത്ഭുതകരമായ രക്ഷപ്പെടലായിരുന്നുവെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച വനംവകുപ്പ് വാർഡൻ ലക്ഷ്‌മി വ്യക്തമാക്കി. ചെക്ക് പോസ്‌റ്റിന് അടുത്തായത് കൊണ്ടുമാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടത്. ചെക്ക് പോസ്‌റ്റിന് സമീപത്ത് തന്നെ ആന പാസ് ചെയ്യുന്ന സ്ഥലങ്ങളുണ്ട്. കുട്ടിയെ കണ്ടെത്തി ഒന്നര മണിക്കൂറിന് ശേഷമാണ് മാതാപിതാക്കൾ എത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഇത്രയും ഉത്തരവാദിത്തമില്ലാത്ത മാതാപിതാക്കളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. കുഞ്ഞിന്റെ ശരീരത്തിൽ മാലയും ആഭരണങ്ങളും ഉണ്ടായിരുന്നതിനാൽ അതിനെ ഉപേക്ഷിച്ച് പോയിരിക്കാൻ സാധ്യതയില്ലെന്നും അവർ വ്യക്തമാക്കി.

Top