കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണത്തിന്റെ കുരുക്ക് അഴിക്കുക എന്നതാണ് സിബിഐക്ക് മുന്നിലുള്ള പ്രധാന കടമ്പ. സിബിഐ എസ്പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണം ഏറ്റെടുത്ത സിബിഐ ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നത് തുടരുകയാണ്. ഭാര്യ ലക്ഷ്മിയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന മൊഴി സിബിഐയോടും ലക്ഷ്മി ആവര്‍ത്തിച്ചു. ബാലഭാസ്‌കറായിരുന്നു വാഹനം ഓടിച്ചതെന്ന അര്‍ജുന്റെ മൊഴിയാണ് മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന സംശയം ഉയര്‍ത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അര്‍ജുനാണ് വണ്ടിയോടിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ഇതിനിടെ പ്രസക്തമായ ചില ചോദ്യങ്ങൾ ചോദിക്കുകയാണ് ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തായ മാധ്യമപ്രവർത്തകൻ !
സൗഹൃദം എന്ന് പറഞ്ഞാൽ രക്ഷിതാക്കളെ അപമാനിക്കലാണോ ?
രക്ഷിതാക്കളെ ആട്ടി അകറ്റിയതിനു പിന്നിലെ കാരണം എന്തായിരുന്നു ?
സിസിടിവി നിരക്ഷണം എന്തിനുവേണ്ടിയായിരുന്നു ?
സന്ദർശ വിലക്കിന്റെ കാരണം ?
രക്ഷിതാക്കൾ ചമഞ്ഞവരിൽ രണ്ട് പേർ സ്വർണക്കടത്ത് കേസിൽ പ്രതികളായത് എങ്ങനെ ?
ലത മുഖാന്തിരം ബാലഭാസ്കറിന്റെ സമ്പത്ത് ഡോ. രവീന്ദ്രൻ കൊള്ളയടിച്ചുവോ ?
പ്രകാശ് തമ്പി എന്തിനാണ് ബാലഭാസ്കറിന്റെ ബെൻസ് കാർ കൊണ്ടു പോയത് ?
ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാൻ ശ്രമിച്ചത് എന്തിന് ?
ലക്ഷങ്ങളുടെ ഇൻഷ്വറൻസ് പോളിസി വിവരം മറച്ചുവച്ചത് എന്തിനാവും ?
അതിനിടെ ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണിയില്‍ നിന്നും സി.ബി.ഐ അന്വേഷണസംഘം മൊഴിയെടുത്തു. ലക്ഷ്മിയെ കൂടാതെ അമ്മ ഓമനകുമാരി, സഹോദരന്‍ പ്രസാദ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നില്ലെന്നും ലക്ഷ്മി സിബിഐ സംഘത്തോട് പറഞ്ഞു. സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ് തമ്പി. ബാലഭാസ്‌കറിന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വിഷ്ണു. ഇവരുടെ ബിസിനസില്‍ ബാലഭാസ്‌കര്‍ പങ്കാളിയായിരുന്നു. പാലക്കാട് ആയുര്‍വേദ ആശുപത്രി നടത്തുന്ന ലതയുമായി സാമ്പത്തിക ഇടപാടുകളില്ല. പണം കടം കൊടുത്തിരുന്നുവെന്നും ലക്ഷ്മി മൊഴി നല്‍കിയിട്ടുണ്ട്.
അപകട സമയത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചതാരാണ്, അപകട മരണമാണോ, അമിത വേഗതയിലാണോ വണ്ടിയോടിച്ചിരുന്നത്, അസ്വഭാവിക മരണമാണോ എന്നീ ചോദ്യങ്ങള്‍ക്കാണ് സിബിഐ ഉത്തരം കണ്ടെത്തേണ്ടത്. വാഹനം ഓടിച്ചതാരാണെന്നതാണ് ദുരൂഹതകളിലൊന്ന്. ഡ്രൈവര്‍ അര്‍ജുനാണ് ഓടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ദൃക്‌സാക്ഷിയായിരുന്ന നന്ദുവും മൊഴി നല്‍കിയത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി നല്‍കിയ മൊഴിയില്‍ ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നാണ് ഉള്ളത്.
അമിത വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിലേക്കാണോ സിബിഐയും എത്തിച്ചേരുകയെന്നതും നിര്‍ണായകമാണ്. അപകടത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍ നിന്നും ലഭിച്ച മുടി അര്‍ജുന്റെതാണ്. വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 100നും 120നും ഇടയിലായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണമാണ് ഉത്തരം കണ്ടെത്തേണ്ട മറ്റൊരു ചോദ്യം. മെയ് 13ന് തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറും കടക്കൂട്ടം സ്വദേശി വെട്ടുറോഡ് സ്വദേശിനി സെറീനയും സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും 25 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഈ കേസില്‍ വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയും പ്രതികളായി. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ കേസിലെ ഒന്നാം പ്രതിയായി.
വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കുമെതിരെ കലാഭവന്‍ സോബി നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതില്‍ പലതും ക്രൈംബ്രാഞ്ച് തള്ളിയിരുന്നു.
ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കുടുംബം. കൂടെയുണ്ടായിരുന്നവര്‍ക്ക് മരണത്തില്‍ പങ്കുണ്ട്. അതോടൊപ്പം സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന് വന്ന സംശയങ്ങള്‍ നീങ്ങണം. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തും ബാലഭാസ്‌കറിന്റെ അപകടമരണവും തമ്മില്‍ ബന്ധമുണ്ടെന്ന് കെ സി ഉണ്ണി ആരോപണം ഉന്നയിച്ചിരുന്നു.
2018 സെപ്തംബർ 25ന് പുലർച്ചെ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് അപകടത്തിൽപ്പെടുന്നു. സംഭവം ആദ്യം അറിഞ്ഞവരുടെ കൂട്ടത്തിൽ പൂന്തോട്ടം ആയുർവേദ റിസോർട്ട് ഉടമ ഡോ. രവീന്ദ്രന്റെ ഭാര്യ ലതയാണ് ഒന്നാമതുള്ളത്. പിന്നീട് ലതയുടെ മകൻ ജിഷ്ണു, പ്രകാശ് തമ്പി, അവരുമായി അടുത്തു നിൽക്കുന്നവർ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പൊലീസിൽ നിന്നും മാധ്യമങ്ങൾക്കും വിവരം ലഭിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്ന് സംഭവം അറിഞ്ഞവരുമുണ്ട്. അപകട വിവരം ഏറ്റവും ഒടുവിൽ അറിഞ്ഞത് ഒരു പക്ഷെ കെ സി ഉണ്ണിയും മറ്റ് ബന്ധുക്കളുമായിരിക്കണം.
അറിഞ്ഞ കാര്യത്തിന്റെ നടുക്കം വൃദ്ധമാതാപിതാക്കളെ വിട്ടുമാറും മുന്നേ ബാലഭാസ്കറിനെ ഏത് ആശുപത്രിയിൽ ചികിത്സിക്കണമെന്നും മകളുടെ മൃതശരീരം എവിടെ സൂക്ഷിക്കണമെന്നും ലക്ഷ്മിയെ ആര് നോക്കണമെന്നുമൊക്കെ പ്രകാശ് തമ്പിയും പൂന്തോട്ടത്തിലെ ലതയും തീരുമാനിച്ചുവെന്ന് വേണം മനസ്സിലാക്കാൻ .
പിതാവും അമ്മാവന്‍മാരും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ബാലഭാസ്‌കറിനെ ആശുപത്രിയിലെത്തിച്ച സമയം മുതലുള്ള കാര്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബാലഭാസ്‌കറിനൊപ്പമുള്ളവരുടെ പെരുമാറ്റ രീതികളില്‍ അസ്വാഭാവികതയുണ്ടെന്നും എന്തോ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയിലെത്തിയ ബന്ധുക്കളെ ഒഴിവാക്കാന്‍ ശ്രമിച്ചു. സംശയിക്കുന്നവര്‍ ഭാര്യ ലക്ഷ്മിക്കൊപ്പം തുടരുന്നതിലും ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ അസ്വസ്ഥരായിരുന്നു. ബാലഭാസ്‌കറിനെ ഈ സംഘം അപകടപ്പെടുത്തിയതാണെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ സംശയിച്ചു. ഇവര്‍ ലക്ഷ്മിയെയും അപകടത്തിലാക്കുമെന്ന് ഭയന്നിരുന്നുവെന്ന് ബന്ധുവായ പ്രിയ വേണുഗോപാല്‍ പറയുന്നു.
പ്രകാശ് തമ്പി, വിഷ്ണു എന്നിവരെയാണ് ഞങ്ങള്‍ സംശയിച്ചത്. പുന്തോട്ടത്തില്‍ ലതയും ലക്ഷ്മിക്കൊപ്പം തന്നെ തുടര്‍ന്നു. ലക്ഷ്മിയുടെ ജീവനും അപകടത്തിലാണെന്ന് തോന്നിയതോടെയാണ് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാനാണ് നോക്കിയത്. രക്ഷപ്പെട്ടത് ലക്ഷ്മി മാത്രമാണ്. പാലക്കാട് കൊണ്ടുപോയി ലക്ഷ്മിയെയും ഇല്ലാതാക്കുമെന്നായിരുന്നു ഭയം. സ്വത്തുക്കള്‍ക്ക് മറ്റ് അവകാശികളില്ല. പണമിടപാടുകള്‍ മറ്റാര്‍ക്കും അറിയുകയുമില്ലായിരുന്നു. ഇതൊക്കെ കാരണമാണ് അന്വേഷണം ആവശ്യപ്പെട്ടത്.
ഡ്രൈവര്‍ അര്‍ജുന്റെ മൊഴിമാറ്റവും ബന്ധുക്കളുടെ സംശയം ബലപ്പെടുത്തി.അര്‍ജുനല്ല, ബാലഭാസ്‌കാറായിരിക്കാം വണ്ടിയോടിച്ചതെന്ന് ബന്ധുക്കള്‍ക്ക് മുന്നില്‍ വെച്ച് വിഷ്ണുവും പൊലീസിനോട് ആവര്‍ത്തിച്ചു. ഈ സംഘത്തിന് എന്തെല്ലാമോ മറച്ചുവെയ്ക്കാനുണ്ടെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.
ആറ്റിങ്ങല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കേസ് അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് അച്ഛന്‍ കെ സി ഉണ്ണി ഡിജിപിക്ക് പരാതി നല്‍കിയത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അര്‍ജുനെ ചോദ്യം ചെയ്യാന്‍ പൊലീസ് മടിക്കുന്നതായും പിന്നീട് ആരോപണം വന്നു.ജനുവരിക്ക് ശേഷം ലക്ഷ്മിയെ കാണാന്‍ അനുവദിക്കുന്നില്ലെന്നും സംഘത്തിന്റെ തടവിലാണെന്നും ബാലഭാസ്‌കറിന്റെ കുടുംബം പറയുന്നു. ലക്ഷ്മിയുടെ നിലപാട് കുടുംബത്തിന് വ്യക്തമാകാത്ത ഘട്ടത്തിലാണ് പ്രകാശ് തമ്പിക്കും വിഷ്ണുവിനും ബന്ധമില്ലെന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്ന ബന്ധം മാത്രമാണ് ഇവരുമായി ഉണ്ടായിരുന്നതെന്നാണ് പോസ്റ്റില്‍ ലക്ഷ്മി പറഞ്ഞിരുന്നത്. ഇത് കളവാണെന്ന് കുടുംബം പറയുന്നു.
എല്ലാ കാര്യങ്ങളിലും ബാലഭാസ്കറിന്റെ പിതാവിനോട് അഭിപ്രായം തേടുന്ന വ്യക്തിയായിരുന്നു പ്രകാശ് തമ്പി. എന്നാൽ ബാലഭാസ്കർ അപകടത്തിൽപ്പെട്ട ശേഷം പ്രകാശ് തമ്പി കെസി ഉണ്ണിയോട് പെരുമാറിയത് വളരെ ക്രൂരമായിട്ടായിരുന്നു. ചികിത്സയ്ക്ക് ആശുപത്രി തെരഞ്ഞെടുത്തപ്പോഴെങ്കിലും തലമുതിർന്ന ബന്ധുക്കളുമായി കൂടി ആലോചിക്കാനോ ആശയ വിനിമയം നടത്താനോ ഇപ്പറഞ്ഞവർ തയാറായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.
കൊച്ചുമകൾ മരിച്ചു, മകനും മരുമകളും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മുറിപ്പെട്ട് കിടക്കുന്നു .ഈ കാഴ്ച കണ്ട് ആശുപത്രി വരാന്തിയിലേക്ക് വന്ന പിതാവ് കെ സി ഉണ്ണി അത്രയേറെ വിശ്വസിച്ചിരുന്നതുകൊണ്ടാണ് പ്രകാശ് തമ്പിയെ പൊലീസ് സ്റ്റേഷനിലേക്കും മറ്റ് ആവശ്യങ്ങൾക്കും ആദ്യം പറഞ്ഞുവിട്ടത്. എന്നാൽ ദിവസം ഒന്ന് കഴിഞ്ഞതോടെ ഹൈജാക്കിംഗ് സംഘത്തിലേക്ക് മറ്റ് ചിലർ കൂടി വന്നെത്തി, സംഭവ ദിവസം വിദേശത്ത് ആയിരുന്ന വിഷ്ണു സോമസുന്ദരമായിരുന്നു എത്തിയത്. പിന്നീട് പ്ലാനിംഗ് വേഗത്തിലായത് ബാലഭാസ്കറുടെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തുന്നു .
ബാലഭാസ്കറിന്റെ അച്ഛനെയും അമ്മാവനെയും അവർ തങ്ങിയിരുന്ന മുറിയിൽ നിന്ന് പുറത്താക്കാനായിരുന്നു ആദ്യ ശ്രമം. അത് പരാജയപ്പെട്ടപ്പോൾ മറ്റ് രീതിയിൽ മാനസിക പീഡനം തുടങ്ങി. ഇതിനിടെ ഒരു ദിവസം ലക്ഷ്മിയുടെ വിരലടയാളം ഐസിയുവിൽ കടുന്നു കയറി ചെക്ക് ലീഫിൽ പതിപ്പിക്കാനും വിഷ്ണു സോമസുന്ദരം ശ്രമം നടത്തി. ഇത് ആശുപത്രി ജീവനക്കാർ കയ്യോടെ പിടികൂടി. പിന്നീടാണ് ഐസിയുവിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
മരണത്തിലെ ഗുഢാലോചന പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് ബാലഭാസ്‌കറുമായി അടുപ്പമുള്ളവര്‍ പ്രതീക്ഷിക്കുന്നത്.കലാഭവന്‍ സോബിയുടെ ആരോപണങ്ങളും ഇതേ സമയത്താണ് ഉയര്‍ന്നത്. അപകടത്തിന് ശേഷം മധുബാലകൃഷ്ണന്‍ വഴി പ്രകാശ് തമ്പിയെ വിളിച്ചുവെന്നും ദുരൂഹതയൊന്നുമില്ലെന്ന് മറുപടി കിട്ടിയെന്നുമാണ് സോബി പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ചും ഇക്കാര്യം സ്ഥിരീകരിച്ചു. സോബിയുടെ മൊഴി രേഖപ്പെടുത്താന്‍ കുടുംബം ആവശ്യപ്പെട്ടു. അടുത്തഘട്ടത്തില്‍ എടുക്കാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഓഗസ്ത് അവസാനം ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചകള്‍ കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. സ്വര്‍ണ്ണക്കടത്തിനൊപ്പം അപകട മരണവും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംശയമുള്ള 44 ചോദ്യങ്ങളുമായി ഡിജിപിയെ കണ്ടു.
സിബിഐ കേസ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡും ലോക് ഡൗണ്‍ പ്രഖ്യാപനവും ഉണ്ടാകുന്നത്. തിരുവനന്തപുരം വിമാത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെ ബാലഭാസ്‌കറിന്റെ മരണവും വീണ്ടും സജീവമായി. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയാണെന്ന് വന്നേക്കുമെന്ന് ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സംഘം അറിയിച്ചിരുന്നതായി ബന്ധു പറയുന്നു. കേസിന്റെ പുറകെ പോകണോയെന്ന് ചോദിച്ചു. പ്രകാശ് തമ്പിയും ലക്ഷ്മിയും അത്തരം മൊഴികള്‍ നല്‍കിയാല്‍ ആ രീതിയില്‍ അന്വേഷണം പോകേണ്ടി വരുമെന്നും സംഘം കുടുംബത്തെ അറിയിച്ചു. ഡിആര്‍ഐയും സിബിഐയും അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌കര്‍ പങ്കാളിയായിരുന്നെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതിന് പിന്നിലുള്ളവരെയും പുറത്ത് കൊണ്ടുവരണം. ബാലഭാസ്‌കര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പാണ്. സംഗീത പരിപാടികളെ ബാധിക്കുന്ന തരത്തില്‍ ഒരു കാര്യവും ബാലഭാസ്‌കര്‍ ചെയ്യില്ല. ബാലഭാസകര്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിഞ്ഞത് കൊണ്ടാണ് അപകടപ്പെടുത്തിയതെന്ന് സംശയിക്കുന്നുവെന്നും കുടുംബം പറയുന്നു.
ബാലഭാസ്കറിന്റെ സംസ്കാരവും സഞ്ചയനവുമൊക്കെ കഴിഞ്ഞ് ലത മടങ്ങിയെത്തിയത്, ലക്ഷ്മിയെ പരിചരിക്കാനായിരുന്നു. ആശുപത്രിയിൽ ലക്ഷ്മിയെ കാണാൻ പോയ ബാലഭാസ്കറിന്റെ കുടുംബത്തിനുപോലും ലതയിൽ നിന്ന് മോശം അനുഭവം നേരിട്ടിരുന്നു. ഇതിനിടെ തമ്പിയും വിഷ്ണുവും ചേർന്ന് ഹിരണ്മയ സിസിടിവി നിരീക്ഷണത്തിലാക്കി, ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയ ലക്ഷ്മിയുടെ സുരക്ഷക്കെന്നായിരുന്നു പ്രചരണം. വീടിന്റെ ഗേറ്റ് വലിയ താഴിട്ട് പൂട്ടി. സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ലക്ഷ്മിക്കൊപ്പം കോളജിൽ പഠിച്ചിരുന്ന കൂട്ടുകാരികൾ പോലും അപമാനിക്കപ്പെട്ടു. ഈ പരിചരണവും നിരീക്ഷണവും സ്വർണക്കടത്ത് പിടിക്കപ്പെട്ടതോടെ നിലച്ചു എന്നും ബാലഭാസ്കറുടെ സുഹൃത്ത് വെളിപ്പെടുത്തുന്നു