ബാലഭാസ്‌കറിന്റെ അപകട മരണം സിബിഐ അന്വേഷിക്കും, സർക്കാർ ഉത്തരവിറക്കി!

തിരുവനന്തപുരം: വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിക്കും. അന്വേഷണം സി.ബി.ഐ.ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ കെസി ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരിക്കുന്നത്.കേസിലെ ദുരൂഹത നീക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയായിരുന്നു ആദ്യം രംഗത്തെത്തിയത്. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്ത് ബാലഭാസ്‌കറിന്റെ പരിചയക്കാര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് മരണത്തില്‍ അസ്വാഭാവികത ഉന്നയിക്കപ്പെട്ടത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് തുടക്കം മുതല്‍ കുടുംബം ആരോപിക്കുന്നത്.

എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികമായിട്ടൊന്നും കേസ് അന്വേഷിച്ച പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസ് ഒരാഴ്ചയ്ക്കുളളില്‍ സിബിഐക്ക് കൈമാറും. കേസ് സിബിഐ അന്വേഷിക്കുന്നതിനെ ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി സ്വാഗതം ചെയ്തു. വാഹനാപകട കേസ് എന്ന നിലയ്ക്ക് മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നല്‍കിയത് എന്നും കെസി ഉണ്ണി വ്യക്തമാക്കി. 2018 സെപ്റ്റംബര്‍ 28ന് തൃശൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ പളളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ടത്. ഭാര്യ ലക്ഷ്മി, രണ്ടര വയസ്സുളള മകള്‍ തേജസ്വിനി, സുഹൃത്ത് അര്‍ജുന്‍ എന്നിവരാണ് ബാലഭാസ്‌കറിനൊപ്പം കാറിലുണ്ടായിരുന്നത്. തേജസ്വിനിയും ചികിത്സയിലിരിക്കെ ഒക്ടോബര്‍ 2ന് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റെങ്കിലും ലക്ഷ്മിയും അര്‍ജുനും ജീവിതത്തിലേക്ക് തിരികെ വന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന സംശയമാണ് ആദ്യം ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉണര്‍ത്തിയത്. പണത്തിന് വേണ്ടി ബാലഭാസ്‌കറിനെ അപായപ്പെടുത്തിയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്.

Top