തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ വീണ്ടും പുതിയ വെളിപ്പെടുത്തല്‍. അപകട സമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് ബാലഭാസ്‌ക്കര്‍ ആശുപത്രിയില്‍ വച്ച് ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു. കാറോടിച്ചത് അപ്പുവാണെന്നാണ് ബാലഭാസ്‌ക്കര്‍ പറഞ്ഞത്. അപ്പു എന്നത് അര്‍ജുന്റെ വിളിപ്പേരാണ്.
അപകടത്തില്‍ ശ്വാസകോശത്തിന് സാരമായി പരിക്കേറ്റതിനാല്‍ ബാലഭാസ്‌കറിന് ശബ്ദം പുറത്തുവരത്തക്കവിധം സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ് കിടന്ന ബാലഭാസ്‌കറിനെ സന്ദര്‍ശിച്ച ബന്ധുക്കള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഓര്‍മ്മശക്തി പരിശോധിക്കാനായി അപകടത്തെപ്പറ്റി ചോദിക്കുന്നതിനിടെയാണ് കാറോടിച്ചതാരെന്ന ഭാര്യ ലക്ഷ്മിയുടെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളുടെ ചോദ്യത്തിന് മറുപടിയായാണ് ചുണ്ടുകള്‍ വ്യക്തമായി ചലിപ്പിച്ച് ‘അപ്പു’, ‘അപ്പു’ എന്ന് രണ്ട് തവണ ബാലു മൊഴി നല്‍കിയത്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തോട് ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണിയും ബന്ധുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കാറോടിച്ചതാരെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇത് നിര്‍ണായകമായ വിവരമാണ്. അപകട സമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും രക്ഷാപ്രവര്‍ത്തകനായ നന്ദുവും കാറോടിച്ചത് അര്‍ജുനാണെന്ന് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇവരുടെ മൊഴിയ്‌ക്കൊപ്പം കാറോടിച്ചതാരെന്ന് സംശയാതീതമായി തെളിയിക്കാന്‍ അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗത്തോട് ഫോറന്‍സിക് പരിശോധനയുടെ ഫലം ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കത്ത് നല്‍കിയിട്ടുണ്ട്. ഇത് കൂടി ലഭ്യമായശേഷമാകും അര്‍ജുനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. വ്യക്തമായ തെളിവില്ലാതെ ചോദ്യം ചെയ്താല്‍ അര്‍ജുന്റെ മൊഴി വിശ്വസിക്കാനേ അന്വേഷണസംഘത്തിന് കഴിയൂ. ഇതൊഴിവാക്കാനാണ് പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷം അര്‍ജുനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.