
തിരുവനന്തപുരം: സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. വയലിനിസ്റ്റ് ബാലഭാസകറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നാളെയാണ് ചോദ്യം ചെയ്യലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധനയ്ക്കു തയാറാണെന്നു 4 പേര്‍ സിജെഎം കോടതിയെ അറിയിച്ചു. ബാലഭാസ്‌കറിന്റെസുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവറായിരുന്ന അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോധനയ്ക്കു തയാറായത്. ഡല്‍ഹി, ചെന്നൈ ഫൊറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ സൗകര്യം അനുസരിച്ച് ഈ മാസംതന്നെ നുണ പരിശോധന നടത്താനാണ് തീരുമാനമെന്നു സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാലഭാസ്കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നു പ്രകാശന്‍ തമ്പിയും വിഷ്ണുവും. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് ഇവര്‍ക്കു നുണ പരിശോധന നടത്തുന്നത്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുന്‍ താന്‍ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കള്‍ ദുരൂഹത കാണുന്നു. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നാണ് അര്‍ജുന്റെ വാദം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അര്‍ജുനെ നുണപരിശോധനയ്ക്കു വിധേയമാക്കുന്നത്.
അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവന്‍ സോബിയുടെ മൊഴി. നുണ പരിശോധന നടത്തുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തതവരുമെന്നു സിബിഐ പറയുന്നു. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചു.ഭാര്യ ലക്ഷ്മിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.