ഇസ്ലമാബാദ്: ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും പാകിസ്താന്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനം. പ്രതിഷേധത്തില്‍ ബലൂചിസ്താനില്‍ പ്രതിഷേധക്കാര്‍ പാക് പതാക ചവിട്ടിമെതിച്ചു. മോദിയുടെ ചിത്രവും ഇന്ത്യന്‍ പതാകയുമേന്തിയാണ് പ്രകടനം നടന്നത്.
ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും പാകിസ്താന്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിന് പിന്തുണയുമായാണ് സമരം നടത്തിയത്.
ബലൂചിലെ സ്വാതന്ത്ര്യസമര സേനാനിയും രക്തസാക്ഷിയുമായ അക്ബര്‍ ബുക്തിയുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മോദിയുടെ ചിത്രവും ഉപയോഗിച്ചത്. ബലൂചിലെ കൂട്ടക്കുരുതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ മുഖംമൂടി അണിഞ്ഞാണ് പങ്കെടുത്തത്. പാകിസ്താന്‍ പതാക ചവിട്ടിമെതിച്ചും സമരക്കാര്‍ പ്രതിഷേധം അറിയിച്ചു.
മോദിയുടെ പരാമര്‍ശത്തെ പിന്തുണച്ചവര്‍ക്കെതിരെ കഴിഞ്ഞ ദിവസം പാകിസ്താന്‍ കേസെടുത്തിരുന്നു. മോഡിയെ പിന്തുണച്ച വിവിധ സംഘടനാ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ബലൂചിസ്ഥാനിലെ ഖുസ്ദൂരിലെ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബര്‍ഹംദാഖ് ബഗ്തി, ഹര്‍ബിയര്‍ മാരി, ബാനൂക് കരിമ ബലോച്ച് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. പാകിസ്താന്‍ പീനല്‍ കോഡിലെ 120, 121, 123, 353 വകുപ്പകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം മറച്ചു വെയ്ക്കല്‍, രാജ്യത്തിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
ബലൂചിസ്താനില്‍ പാകിസ്താന്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചിരുന്നു. ഇത് യുഎന്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. ബലൂചിസ്താന്‍ പരാമര്‍ശത്തിലൂടെ മോദി ലക്ഷ്മണ രേഖ ലംഘിച്ചിരിക്കുകയാണ്. ബലൂചിസ്താനിലും കറാച്ചിയിലും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു.