സ്വര്‍ണ നിക്ഷേപം: ഇനി ബാ്ങ്കുകള്‍ പലിശ നിശ്ചയിക്കും

ന്യൂഡല്‍ഹി: സ്വര്‍ണനിക്ഷേപ പദ്ധതിയുടെ പലിശനിരക്ക് നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. ഇതുള്‍പ്പെടെ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടു. പദ്ധതിയുടെ ഔദ്യോഗിക തുടക്കം നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി നടത്താനിരിക്കെയാണ് ആര്‍.ബി.ഐ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. വീടുകളിലും സ്ഥാപനങ്ങളിലും വെറുതെയിരിക്കുന്ന ഇരുപതിനായിരം ടണ്ണിലധികം സ്വര്‍ണം ഈ പദ്ധതിയിലൂടെ സമാഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പദ്ധതിപ്രകാരം മുതലും പലിശയും സ്വര്‍ണത്തിലായിരിക്കും സൂചിപ്പിക്കപ്പെടുക. കാലാകാലങ്ങളില്‍ സ്വര്‍ണ നിക്ഷേപ അക്കൗണ്ടില്‍ വരവുവെക്കുന്ന പലിശ നിക്ഷേപകന് പിന്‍വലിക്കാം. അല്‌ളെങ്കില്‍ കാലാവധിയത്തെുമ്പോള്‍ നിക്ഷേപിച്ചതിന് തുല്യമായ സ്വര്‍ണത്തോടൊപ്പം മുഴുവന്‍ പലിശയും തിരിച്ചെടുക്കാം. ഹ്രസ്വകാലം (ഒന്നുമുതല്‍ മൂന്നുവര്‍ഷം), ഇടക്കാലം (അഞ്ചുമുതല്‍ ഏഴു വര്‍ഷം), ദീര്‍ഘകാലം(12 മുതല്‍ 15 വര്‍ഷം) എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാമെന്നും ആര്‍.ബി.ഐ പറയുന്നു. ഇതില്‍ ആദ്യ രണ്ടെണ്ണം ബാങ്കുകള്‍ സ്വന്തം നിലയിലും ദീര്‍ഘകാലത്തേത് കേന്ദ്ര സര്‍ക്കാറിനുവേണ്ടിയുമാവും സ്വീകരിക്കുക. ബാങ്കുകള്‍ ഇങ്ങനെ സ്വീകരിക്കുന്ന സ്വര്‍ണം ബാങ്കുകളുടെ സ്റ്റാറ്റിയൂട്ടറി ലിക്വിറ്റി റേഷ്യോ (സര്‍ക്കാര്‍ ബോണ്ടുകളിലുള്ള നിര്‍ബന്ധിത നിക്ഷേപ അനുപാതം) നിര്‍ണയിക്കുന്നതിലും പരിഗണിക്കും. ഇത് കൂടുതല്‍ വായ്പകള്‍ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് സഹായകമാവും. ഒരു കുറഞ്ഞ നിശ്ചിത സമയ പരിധിക്കുശേഷം നിക്ഷേപകര്‍ക്ക് വേണമെങ്കില്‍ നിക്ഷേപം പിന്‍വലിക്കാം. നിക്ഷേപത്തിന് പരിധിയുണ്ടാവില്ല. പക്ഷേ, കുറഞ്ഞത് 30 ഗ്രാമെങ്കിലും നിക്ഷേപിക്കണം. 995 ശുദ്ധിയുള്ള സ്വര്‍ണ ബാറുകള്‍, നാണയങ്ങള്‍, കല്ല് പതിക്കാത്ത ആഭരണങ്ങള്‍ തുടങ്ങിയവ നിക്ഷേപിക്കാം. ബാങ്കുകള്‍ക്ക് ഇങ്ങനെ സ്വീകരിക്കുന്ന സ്വര്‍ണം ജ്വല്ലറികള്‍ക്കോ, സ്വര്‍ണ നാണയങ്ങള്‍ ഉണ്ടാക്കുന്നതിന് എം.എം.ടി.സിക്കോ വില്‍ക്കുകയോ വായ്പ നല്‍കുകയോ ചെയ്യാം. നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തുടക്കംകുറിക്കും. വെറുതെ കിടക്കുന്ന സ്വര്‍ണം പുറത്തുകൊണ്ടുവന്ന് ക്രയവിക്രയം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

Top