”മന്ത്രി കെ ബാബുവിനെതിരായ ബിജു രമേശിന്റെ മൊഴി പുറത്ത്..2013 ഏപ്രില്‍ മാസം ആദ്യ ആഴ്ച 50 ലക്ഷം രൂപ ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈക്ക് കൈമാറി’
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ ബിജു രമേശ് നല്‍കിയ മൊഴി പുറത്ത്. ബിജു രമേശ് മന്ത്രിയുടെ ഓഫിസില്‍ പണം എത്തിച്ചത് 2013 ഏപ്രില്‍ ആദ്യവാരമാണെന്നു മൊഴിയിലുണ്ട്. 50 ലക്ഷം രൂപയാണു ബാബുവിനു നല്‍കിയതെന്നും മൊഴിയില്‍ പറയുന്നു.2013 ഏപ്രില്‍ മാസം ആദ്യ ആഴ്ച 50 ലക്ഷം രൂപ ബാബുവിന്റെ ഓഫീസില്‍ വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈക്ക് കൈമാറിയെന്നാണ് മൊഴി. കൂടാതെ ബാബുവിന് പണം നല്‍കിയ മറ്റ് ബാറുടമകളുടെ പേരും മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. കെ ബാബുവിന് പണം കൊടുക്കാനുണ്ടായ സാഹചര്യവും പണം കൊടുത്ത കാര്യങ്ങളുമാണ് എട്ട് പേജുള്ള മൊഴിയില്‍ ബിജു രമേശ് വ്യക്തമാക്കുന്നത്.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ ബാര്‍ ലൈസന്‍സിന്റെ ഫീസ് 22 ലക്ഷത്തില്‍ നിന്ന് 30 ആയി വര്‍ധിപ്പിക്കുമെന്ന് ബജറ്റിനു മുന്നോടിയായുള്ള യോഗത്തില്‍ കെ ബാബു പറഞ്ഞു. ഇത് 23 ലക്ഷമായി കുറക്കാന്‍ 10 കോടി രൂപ തയ്യാറാക്കി വെക്കാന്‍ മന്ത്രി പറഞ്ഞതായും ഇതനുസരിച്ചാണ് ബാറുടമകളില്‍ നിന്ന് പണം പിരിച്ചതെന്നുമാണ് മൊഴിയിലെ മറ്റൊരു ഭാഗം
നല്‍കിയ 50 ലക്ഷം രൂപ, തിരുവനന്തപുരം ജില്ലയില്‍ നിന്ന് പിരിച്ച 28 ലക്ഷം രൂപയും രാജ്കുമാര്‍ ഉണ്ണി നല്‍കിയ 10 ലക്ഷവും തന്റെ കയ്യില്‍ നിന്നെടുത്ത 12 ലക്ഷവും ചേര്‍ത്താണ് നല്‍കിയത്.
തന്റെ കൂടെ മാനേജര്‍ രാധാകൃഷ്ണനും, വ്യവസായി മുഹമ്മദ് റസീഫും ഉണ്ടായിരുന്നു. അവിടെ രാജ്കുമാര്‍ ഉണ്ണി അടക്കമുള്ള ഭാരവാഹികളും കാത്ത് നിന്നിരുന്നു. പണം കൊണ്ടുവന്നുവെന്ന് പറഞ്ഞപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷിന്റെ കൈയ്യില്‍ ഏല്‍പ്പിക്കാന്‍ മന്ത്രി പറഞ്ഞു. താന്‍ അപ്രകാരം ചെയ്തതായതുമാണ് ബിജു രമേശിന്റെ മൊഴി