തിരുവനന്തപുരം: ബാര്‍ കോഴക്കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി: ആര്‍.സുകേശന്റെ വെളിപ്പെടുത്തലോടെ തലവേദനയായിരിക്കുന്ന കെഎം മാണിക്കാണ്. വീണ്ടും ബാര്‍ കേസ് തലപൊക്കിയിരിക്കുകയാണ്. ആരോപണത്തിനുപിന്നാലെ തുടരന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടു.
തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ധനമന്ത്രിയായിരുന്ന കെ.എം.മാണിക്കെതിരെ കുറ്റപത്രം വേണമെന്ന റിപ്പോര്‍ട്ട് റെഡ്ഡി അംഗീകരിച്ചില്ലെന്നും സുകേശന്‍ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്ന് ശങ്കര്‍ റെഡ്ഡി പ്രതികരിച്ചു. എല്ലാ തെളിവുകളും രേഖകളും കോടതിയുടെ പക്കലുണ്ട്.
കോടതി അനുവദിച്ചാല്‍ അന്വേഷണം തുടരാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരത്തെ മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ശക്തമായ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മര്‍ദ്ദത്തിനു വഴങ്ങുന്നവര്‍ കേസ് അന്വേഷിക്കുന്നത് അനുചിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം കോടതി വിലയിരുത്തണം. ബാര്‍ക്കേസ് അന്വേഷണം നീതിയുക്തമായിരുന്നു. ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ല. മാണിയുടെ നിരപരാധിത്വം തെളിയട്ടെയെന്നും ചെന്നത്തല പറഞ്ഞു.
സുകേശനെതിരെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും രംഗത്തെത്തി. സുകേശന്‍ തിരിച്ചും മറിച്ചും നിലപാടെടുത്തയാളാണ്. ജനങ്ങളെ ബോധ്യപ്പെടുത്തുന്ന അന്വേഷണം വേണം. കേസിലെ തുടരന്വേഷണം സുകേശനെ എല്‍പ്പിക്കരുതെന്നും സുധീരന്‍ പറഞ്ഞു.
യുഡിഎഫ് നേതൃത്വം അറിയാതെ ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് വിട്ടതുകൊണ്ട് മാണിക്ക് എല്‍ഡിഎഫില്‍നിന്ന് സഹായം ലഭിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.