കൊച്ചി:ബാർ കോഴയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി കെ ബാബു. ആരോപണങ്ങൾ തന്നെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബാര്‍ കോഴ ഉന്നയിച്ച ബിജു രമേശ് വിജിലൻസിന് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ആരോപണങ്ങൾ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ബിജുവിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.കെ.എം.മാണിയുമായി യാതൊരു പ്രശ്‌നങ്ങളും ഇല്ല. യു.ഡി.എഫിലെ മുതിര്‍ന്ന നേതാവ് എന്ന നിലയ്ക്കാണ് മാണിയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടതെന്നും ബാബു പറഞ്ഞു.
മന്ത്രി കെ. ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശാണ് ആരോപണമുന്നയിച്ചത്. സെക്രട്ടറിയേറ്റില്‍ കൊണ്ടുപോയി നേരിട്ടാണ് പണം നല്‍കിയത്. രണ്ടു ഘട്ടമായി ഒരു കോടി രൂപ നല്‍കി. രണ്ടുവട്ടവും സെക്രട്ടറിയേറ്റില്‍ നേരിട്ടു കൊണ്ടുപോയി പണം നല്‍കുകയായിരുന്നു. പത്തു കോടി രൂപയാണ് ബാബു ആവശ്യപ്പെട്ടതെന്നും ബിജു രമേശ് ആരോപിച്ചു.
അതേസമയം തൃശൂര്‍ എക്‌സൈസ് അക്കാദമിയിലെ പരിപാടി റദ്ദാക്കി. ബാര്‍ കോഴക്കേസിലുള്ള പ്രതിഷേധം ഭയന്നാണ് പരിപാടിയില്‍ നിന്നും പിന്‍മാറിയതെന്നാണ് സൂചന.ഇന്ന് രാവിലെ തൃശൂര്‍ എക്‌സൈസ് അക്കാദമിയില്‍ നടക്കാനിരുന്ന പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായിരുന്നു മന്ത്രി ബാബു. മന്ത്രി എത്താതിരുന്നതോടെ എക്‌സൈസ് കമ്മീഷണര്‍ സല്യൂട്ട് സ്വീകരിച്ചു.