കേരളം കാത്തിരിക്കുന്ന ബാര്‍ കോഴക്കേസ് -സുപ്രീം കോടതി വിധി 30 ന് മുന്‍പ്

ന്യൂഡല്‍ഹി:കേരളം കാത്തിരിക്കുന്ന ബാര്‍ കോഴക്കേസില്‍ -സുപ്രീം കോടതി വിധി ഈ മാസം 30 ന് മുന്‍പ് ഉണ്ടാകും .കേരളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ അപ്പീലുകളിലാണ് സുപ്രീംകോടതി ഈ മാസം 30നകം വിധി പറയുന്നത്. അപ്പീലുകളില്‍ വാദം കേട്ട ജസ്റ്റിസ് വിക്രംജിത് സെന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ക്രിസ്മസ് അവധിക്കായി പിരിഞ്ഞ കോടതി ഇനി ജനുവരിയില്‍ മാത്രമേ തുറക്കൂ. ഈ മാസം 30ന് വിക്രംജിത് സെന്‍ വിരമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവധിക്കാലത്ത് പ്രത്യേക സിറ്റിംഗ് നടത്തി വിധി പറയും. കേസില്‍ വിശദമായ വാദം കേട്ടിട്ടുണ്ട്. വിധിയെഴുത്ത് പൂര്‍ത്തിയായി. കേരളം ഈ വിധിക്കായി കാത്തിരിക്കുകയാണെന്ന് അറിയാമെന്നും ഇന്നലെ സുപ്രീംകോടതിയിലെ അഭിഭാഷക സംഘടന നല്‍കിയ യാത്ര അയപ്പ് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും മദ്യ നയം ശരിവച്ചതിനെ തുടര്‍ന്നാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യനയം ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ റദ്ദാക്കാമെന്ന് വാദത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.ഒക്ടോബര്‍ 13 മുതല്‍ 27 വരെ ഒന്‍പത് ദിവസത്തിനിടെ 38 മണിക്കൂര്‍ വാദം കേട്ടാണ് ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിവച്ചത്.
ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുല്‍ റോഹ്തഗി, ഹരീഷ് സാല്‍വെ, അര്യാമ സുന്ദരം, എന്‍. വെങ്കിട്ടരാമന്‍, രാജീവ് ധവാന്‍, ഹരിന്‍ പി. റാവല്‍, എല്‍. നാഗേശ്വര റാവു, സി.യു. സിംഗ്, എ.എം. ഛദ്ദ എന്നിവരുടെ വന്‍നിര തന്നെ ഹാജരായപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി കപില്‍ സിബലും വി. ഗിരിയും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ എം.ആര്‍. രമേശ് ബാബുവുമാണ് മറുവാദങ്ങള്‍ നിരത്തിയത്. കേസില്‍ കക്ഷിചേര്‍ക്കപ്പെട്ട ടി.എന്‍. പ്രതാപന്‍ എം.എല്‍.എയ്ക്കു വേണ്ടി കാളീശ്വരം രാജും മദ്യനയത്തെ അനുകൂലിച്ച് വാദിച്ചിരുന്നു. ഭരണഘടനയിലെ 14 (തുല്യതയ്ക്കുള്ള അവകാശം), 19 (ജി) (ഇഷ്ടമുള്ള തൊഴിലോ ബിസിനസോ ചെയ്യാനുള്ള അവകാശം) എന്നീ രണ്ട് വകുപ്പുകളിലാണ് അഭിഭാഷകര്‍ വ്യത്യസ്ത വാദങ്ങള്‍ നിരത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top