തിരുവനന്തപുരം: മന്ത്രി രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ രണ്ടുകോടി രൂപ നല്‍കിയെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാര്‍ നിരോധനം വരുന്നതിനുമുമ്പാണ് തുക നല്കിയത്. സ്ഥാപനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനായാണ് തുക നല്കിയത്. മന്ത്രി വി.എസ്. ശിവകുമാറിനും തുക നല്‍കിയെന്ന മുന്‍നിലപാട് ആവര്‍ത്തിക്കുകയും 25 ലക്ഷമാണ് നല്‍കിയതെന്നും ബിജു രമേശ് വെളിപ്പെടുത്തി.
രണ്ടു പേര്‍ക്കും പണം നല്‍കിയത് മന്ത്രി കെ. ബാബു നിര്‍ദ്ദേശിച്ചിട്ടാണെന്നും സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോഴാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ദിരാഭവനില്‍ കൊണ്ടുപോയി പണം കൈമാറിയത്. ബാര്‍ നടത്തിപ്പിന് ഉപദ്രവം ഉണ്ടാവാതിരിക്കാനാണ് പണം നല്‍കിയത്. അല്ലാതെ പ്രത്യുപകാരമൊന്നും ബാറുടമകള്‍ക്ക് ലഭിച്ചിട്ടില്ല. ബാറുടമകളില്‍ നിന്നു പിരിച്ചാണ് പണം സമാഹരിച്ചത്. പണം നല്‍കാന്‍ താന്‍ പോയിരുന്നില്ല. ശിവകുമാറിന്റെ സ്റ്റാഫ് വാസു മുഖേനയാണ് പണം കൈമാറിയത്. അതിന് രസീതോ രേഖകളോ ലഭിച്ചിരുന്നില്ല. ചെന്നിത്തലയ്ക്ക് പണം നല്‍കിയതിന്റെ കണക്ക് അസോസിയേഷന്‍ എക്സിക്യൂട്ടിവ് യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. ഇക്കാര്യം നിഷേധിക്കുകയാണെങ്കില്‍ ചെന്നിത്തല ഇതേക്കുറിച്ച് അന്വേഷിപ്പിക്കട്ടെ.
കെ. ബാബുവിനെതിരായ തെളിവുകള്‍ കൈയിലുണ്ടെന്ന് പറഞ്ഞുകൊണ്ട് ഏഴു മാസം മുമ്പ് സോളാര്‍ കേസ് പ്രതി സരിത തന്നെ വിളിച്ചിരുന്നു. ബാബുവിന്റെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടുന്ന സി.ഡിയാണ് കൈവശമുള്ളതെന്നും പറഞ്ഞു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സി.ഡി സൂക്ഷിച്ചിട്ടുള്ളതെന്നും അത് എത്തിക്കാമെന്നും പറഞ്ഞു. കേസ് നടത്തിപ്പിനും മറ്റുമായി വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും രണ്ടു ലക്ഷം രൂപ വേണമെന്നും അവര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ പണം കൊടുത്തില്ലെന്നും ബിജു രമേശ് വ്യക്തമാക്കി.
മന്ത്രി വി.എസ്. ശിവകുമാറിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ നല്‍കി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് വാസുദേവന്‍നായരുടെ കൈവശമാണ് തുക കൈമാറിയത്. മന്ത്രി ബാബു പറഞ്ഞതനുസരിച്ചായിരുന്നു തുക നല്‍കിയത്. മുംബൈയിലെ ദാദമാര്‍ക്ക് ഹഫ്ത നല്‍കുന്നതുപോലെയാണ് കേരളത്തിലെ മന്ത്രിമാര്‍ ചോദിക്കുമ്പോഴെല്ലാം പണം കൊടുക്കുന്നത്. ഇടതുമുന്നണിയെ സഹായിക്കാന്‍ സരിതയുമായി കൂട്ട് ചേര്‍ന്നില്ലെന്നും ബിജുരമേശ് വ്യക്തമാക്കി. അതേസമയം ആരോപണങ്ങള്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും നിഷേധിച്ചു.