ഇ അഹമ്മദ് എംപി മരിച്ചിട്ടും ബജറ്റ് മാറ്റിവയ്ക്കാഞ്ഞത് വസന്ത പഞ്ചമി മൂലം ?

ന്യൂഡല്‍ഹി: സിറ്റിങ് എം.പിയായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും ബജറ്റ് മാറ്റിവയ്ക്കാന്‍ തയ്യാറാകാതിരുന്നത് വസന്ത പഞ്ചമി മൂലമെന്ന് റിപ്പോര്‍ട്ട്. വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ‘ശുഭകാര്യങ്ങള്‍ക്ക് പറ്റിയദിന’മാണ് വസന്ത പഞ്ചമിയെന്നാണ് ചിലരുടെ വിശ്വാസം.

തന്റെ ബജറ്റ് പ്രസംഗത്തില്‍ രണ്ടുതവണ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വസന്ത പഞ്ചമി ദിനത്തെക്കുറിച്ച് പരാമര്‍ശിച്ചത് ഇത്തരമൊരു സംശയത്തിന് ബലം നല്‍കുന്നു. ജെയ്റ്റ്ലിയുടെ ബജറ്റ് പ്രസംഗം ആരംഭിക്കുന്നതു തന്നെ വസന്ത പഞ്ചമി ദിനത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടാണ്. ‘മാഡം സ്പീക്കര്‍, വസന്ത പഞ്ചമിയുടെ ഈ ശുഭദിനത്തില്‍ 2017-18 വര്‍ഷത്തെ ബജറ്റ് ഞാന്‍ അവതരിപ്പിക്കുകയാണ്. ശുഭാപ്തിവിശ്വാസത്തിന്റെ സീസണാണ് വസന്തം.’ എന്നു പറഞ്ഞുകൊണ്ടാണ് ജെയ്റ്റ്ലി തുടങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബജറ്റ് പ്രസംഗം ഉപസംഹരിക്കുന്നതും ഈ ദിനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ടാണ്. ‘ഈ ദിവസത്തേക്കാള്‍ അനുയോജ്യമായ മറ്റൊരു ദിനമില്ല’ എന്നാണ് ജെയ്റ്റ്ലി പറയുന്നത്.

ജനുവരി 31നാണ് ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീഴുന്നത്. തുടര്‍ന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിടാന്‍ വൈകിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ബജറ്റ് അവതരണം നീളാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അഹമ്മദിന്റെ മരണവാര്‍ത്ത നീട്ടിവെച്ചു എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അതേസമയം അഹമ്മദ് മരിച്ചിട്ടും സഭാ നടപടികളുമായി മുന്നോട്ടുപോയ കേന്ദ്ര നടപടിയ്ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. മുമ്പും സിറ്റിങ് എം.പിമാര്‍ മരിച്ച വേളയില്‍ ബജറ്റ് അവതരണം നടന്നിട്ടുണ്ടെന്നു പറഞ്ഞാണ് കേന്ദ്രം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പ്രതിരോധിച്ചത്. എന്നാല്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ച ഡേറ്റുകളില്‍ ബജറ്റ് അവതരണം പോലും നടന്നിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

Top