തിരുവനന്തപുരം: വവ്വാലുകള്‍ പരത്തുന്ന അപൂര്‍വ്വ മാരക രോഗമെന്ന പേരിലാണ് ആദ്യം നിപ പ്രചരിച്ചത്. 14 പേരുടെ മരണത്തിനിടയാക്കിയ പനി ഇപ്പോഴും പലരിലും സ്ഥിതീകരിച്ചു വരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നിപ പരത്തുന്നത് വവ്വാലുകളല്ല എന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായി. വവ്വാലുകളല്ലെന്നും പനിക്ക് കാരണം അഞ്ജാതമാണെന്നും വാര്‍ത്തകള്‍ വന്നതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായി, എന്നാല്‍ വിദഗ്ദ പഠനങ്ങളിലൂടെ വവ്വാല്‍ തന്നെയാണ് രോഗ കാരണം എന്ന് വ്യക്തമായി.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ പുറത്തു വിട്ടു. നിപയ്ക്ക് കാരണം വവ്വാലുകള്‍ തന്നെയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞതായി മന്ത്രി പറഞ്ഞു.
കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ വൈറസ് വാഹകര്‍. ആ വീട്ടുവളപ്പില്‍ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.