ഡല്‍ഹി : ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള മലയാളി താരം എസ്.ശ്രീശാന്തിന്റെ വിലക്ക് നീക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ബിസിസിഐ.കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ബിസിസിഐ ഭാരവാഹിയുമായ ടി.സി മാത്യുവും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് വിലക്ക് നീക്കേണ്ടെന്ന തീരുമാനം ബിസിസിഐ കൈകൊണ്ടത്.
ശ്രീശാന്തിന്റെ റിവ്യൂ ഹര്‍ജിക്ക് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി കത്തിലൂടെയും മറുപടി നല്‍കി. ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു പുതിയ സാഹചര്യവും നിലവിലില്ലെന്ന് രാഹുല്‍ ജോഹ്‌റി അറിയിച്ചു.
ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് നേരത്തെ ഹൈക്കോടതി മുഖേന ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് രാഹുല്‍ ജോഹ്‌റി ബിസിസിഐയുടെ നിലപാട് വ്യക്തമാക്കിയത്.
ബിസിസിഐയെ കൂടാതെ കേന്ദ്രസര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് കോടതി കുറ്റവിമുക്തനാക്കിയ തനിക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിലക്ക് നീക്കി ഏപ്രിലില്‍ ആരംഭിക്കുന്ന സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തടക്കമുള്ള താരങ്ങള്‍ക്കാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ മാസം എറണാകുളം ക്രിക്കറ്റ് ക്ലബിന് വേണ്ടി ജില്ലാ ലീഗില്‍ കളിക്കാനും ശ്രീശാന്തിന് അവസരം ലഭിച്ചിരുന്നില്ല.
ഏപ്രിലില്‍ ആരംഭിക്കുന്ന സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്ത് കരാറിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ അനുമതിയില്ലാതെ ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാന്‍ കഴിയില്ല.
വാതുവെയ്പ്പ് കേസില്‍ സുപ്രീംകോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ശ്രീശാന്ത് ആരോപിക്കുന്നത്. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുവദിക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് ശ്രീശാന്ത് ഹര്‍ജിയില്‍ ഉന്നയിച്ച മറ്റൊരാവശ്യം,
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.