മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയില്‍ ബീഫ് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഭരണഘടനാവിരുദ്ധമാണെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.. സംസ്ഥാനത്തിനു പുറത്തുനിന്ന് മാംസം കൊണ്ടുവരുന്നതിനും തടസ്സമില്ല. അതേസമയം, പശുവിനെയും കാളയേയും അറക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും.

ജസ്റ്റീസ് അഭയ് ഒക, ജസ്റ്റീസ് സുരേഷ് ഗുപ്‌തെ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന ഉത്തരവിലെ ഭാഗം സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പശുക്കളെ അറക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരുന്ന നിയമത്തില്‍ കാളകളെയും ഉള്‍പ്പെടുത്തി 2015ലാണ് ഭേദഗതി കൊണ്ടുവന്നത്. 19 വര്‍ഷം മുന്‍പ് മഹാരാഷ്ട്ര അസംബ്ലി പാസാക്കിയ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ബില്ലിന് 2015 മാര്‍ച്ചില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയതോടെയാണ് ബീഫ് നിരോധനം നിലവില്‍ വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ നിയമപ്രകാരം മഹാരാഷ്ട്രയില്‍ ബീഫ് വിറ്റാല്‍ 10,000 രൂപ പിഴയും 5 കൊല്ലം ജയില്‍വാസവുമാണ് ശിക്ഷ. സംസ്ഥാനത്തിനു പുറത്തുവച്ച് അറുത്ത കാളയുടെ ഇറച്ചി കൈവശം വയ്ക്കുന്നതിന് ഒരു വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും ഏര്‍പ്പെടുത്തിയിരുന്നു. 1995ല്‍ ബി.ജെ.പി-ശിവസേന ഭരണകൂടമാണ് മഹാരാഷ്ട്ര അസംബ്ലിയില്‍ ബീഫ് നിരോധന ബില്ല് പാസാക്കിയത്. 1976 മുതലുളള മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം പശുക്കളെ കൊല്ലുന്നത് നിരോധിച്ചിരുന്നു. തുടര്‍ന്ന് പുതിയ നിയമം നിലവില്‍ വന്നതോടെ എല്ലാതരം മാടുകളെയും അറക്കുന്നതിനും,അവയുടെ മാംസം വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു –

Top