തിരുവനന്തപുരം: പുനര്‍ജനി തട്ടിപ്പു കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദുബായ് ആസ്ഥാനമായുള്ള ഫ്‌ലോറ ഹോട്ടല്‍ ശൃംഖലയില്‍ ബിനാമി നിക്ഷേപമുണ്ടെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മൊഴി. പുനര്‍ജനി കേസില്‍ യൂത്ത്കോണ്‍ഗ്രസ് എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി രാജേന്ദ്ര പ്രസാദാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. എറണാകുളം ജില്ലയില്‍നിന്നുള്ള മുന്‍ കെഎസ്യു നേതാവ് അനുര മത്തായിയാണ് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നതെന്നും മൊഴിയില്‍ പറയുന്നു.
സതീശന് പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് പുനര്‍ജനിയുടെ പേരില്‍ എംഎല്‍എ ഫണ്ട് ചെലവഴിച്ച് റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. പുനര്‍ജനി റോഡ് നിര്‍മിച്ച നെല്‍വയല്‍, ഡാറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കാനും ഗൂഢാലോചന നടന്നു. ചിറ്റാറ്റുകര കൃഷി ഓഫീസറായിരുന്ന വ്യക്തിയും ഇതില്‍ പങ്കാളിയാണ്. ഇവിടെ വീട് നിര്‍മിച്ചു നല്‍കിയ സ്ത്രീക്ക് മറ്റൊരിടത്ത് ഭൂമിയുണ്ട്. നെല്‍വയല്‍ നികത്തിയ സ്ഥലത്ത് വീടുണ്ടാക്കിയതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യമാണ്. സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെ ഭാഗമായാണ് പുനര്‍ജനി പദ്ധതിയിലെ റോഡും എളന്തിക്കരയിലെ ശാരദവിദ്യാമന്ദിര്‍ ഉടമയുടെ പാടത്തെ ഫ്‌ളാറ്റ് തറക്കല്ലിടലും.
പുനര്‍ജനി പദ്ധതിയുടെ പേരില്‍ നിയമവിരുദ്ധമായി പിരിച്ച കോടിക്കണക്കിന് രൂപ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി, മണപ്പാട്ട് ഫൗണ്ടേഷന്‍ തുടങ്ങി രണ്ട് എന്‍ജിഒ വഴി സതീശന്റെ സുഹൃത്തിന്റെ മകന്റെ ഉടമസ്ഥതയില്‍ ഖത്തറിലുള്ള വ്യവസായങ്ങളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഈ ബിനാമി ഗ്രൂപ്പാണ് സതീശന്റെ വിദേശയാത്രകള്‍ക്ക് സഹായംചെയ്യുന്നത്. ബിനാമികളിലൊരാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ചേംബറിലെത്തിയിരുന്നു. പുനര്‍ജനി പദ്ധതിയില്‍ സമാഹരിച്ച വിദേശപണം ഖത്തറിലെയും നാട്ടിലെയും ബിസിനസുകളില്‍ നിക്ഷേപിച്ചതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ച. പുനര്‍ജനി പദ്ധതിയില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് കരാറുകാരെ നല്‍കിയും സതീശന്‍ കമീഷന്‍ കൈപ്പറ്റിയെന്നും രാജേന്ദ്ര പ്രസാദ് വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്.