ബംഗാളി നടി പായെല്‍ ഹോട്ടലില്‍ മരിച്ച നിലയില്‍; മുറി തുറക്കാത്തതിനാല്‍ പോലീസെത്തി വാതില്‍ തകര്‍ത്തപ്പോള്‍ കണ്ടെത്തിയത് മൃതദേഹം

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി അഭിനേത്രി പായെല്‍ ചക്രബര്‍ത്തി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. വടക്കന്‍ ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെയാണ് പായെലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബംഗാള്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് പായെല്‍ ഹോട്ടലില്‍ മുറി എടുത്തത്.

ബുധനാഴ്ച രാവിലെ ഗാങ്ടോക്കിലേക്ക് പോകുമെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ പുലര്‍ച്ചെ പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ തട്ടിവിളിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

36കാരിയായ പായെല്‍ വിവാഹമോചിതയാണ്. ഉടന്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന കെലോ എന്ന ബംഗാളി ചിത്രത്തിലാണ് പായെല്‍ ഇനി അഭിനയിക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കോക്പിറ്റ് എന്ന ഹിറ്റ് ചിത്രത്തില്‍ പായെല്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

Latest
Widgets Magazine