സുപ്രീംകോടതി വിധിക്കുശേഷം മദ്യവില്‍പ്പനയില്‍ വന്‍കുറവ്

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കണമെന്നുള്ള സുപ്രീം കോടതി വിധി നിലവില്‍വന്നശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ വന്‍ കുറവ്. ബിവറേജസ് കോര്‍പ്പറേഷന്‍ ( ബെവ്‌കോ ) പുറത്തുവിട്ട കണക്കുകളിലാണ് മദ്യവില്‍പ്പനയില്‍ കുറവ് സൂചിപ്പിക്കുന്നത്.

ഏപ്രില്‍ മാസം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 106 കോടിയുടെ വില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1078 കോടിയുടെ വില്‍പ്പനയായിരുന്നു ബെവ്‌കോ വഴി നടന്നത്. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ 972 കോടി രൂപയുടെ വില്‍പ്പന മാത്രമാണുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശമദ്യ വില്‍പ്പനയില്‍ 8 ശതമാനം ഇടിവുണ്ടായപ്പോള്‍ ബിയര്‍ വില്‍പനയില്‍ 50 ശതമാനം കുറവുണ്ടായി. ഉത്തരവ് വന്നശേഷം പൂട്ടിയതില്‍ അധികവും ബിയര്‍ വൈന്‍ പാര്‍ലറുകളായിരുന്നു. ഇതുമൂലം സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഏപ്രില്‍ മാസം മാത്രം നികുതിയില്‍ 10 ശതമാനം കുറവുണ്ടായെന്ന് ബെവ്‌കോ അറിയിച്ചു.

നിലവില്‍ 175 വില്‍പന കേന്ദ്രങ്ങളാണ് ബെവ്‌കോയ്ക്ക് ഉള്ളത്. 100 വില്‍പന ശാലകള്‍ ഇനിയും തുറക്കാനുണ്ട്. ഇതിന്റെ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. വില്‍പന ശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാദേശികമായി വലിയ എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്.

ഈ രിതിയില്‍ പോയാല്‍ ഭാവിയില്‍ 5,000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നും ബെവ്‌കോ സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര നടപടി വേണമെന്നും ബെവ്‌കോ ആവശ്യപ്പെട്ടു.

Top