
പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രശസ്ത പഞ്ചാബി ഹാസ്യ താരവും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍ അധികാരമേറ്റു.
പതിവിന് വിപരീതമായി നവാന്‍ഷഹര്‍ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂര്‍വ്വിക ഗ്രാമമായ ഖത്കര്‍ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാന്‍ എത്തി. താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം മാന്‍ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും -കൂപ്പുകൈകളോടെ മാന്‍ പറഞ്ഞു.
ടെലി വോട്ടിംഗിലൂടെയാണ് ഭഗവന്ത് മാനെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ എ.എ.പി 92 സീറ്റുകള്‍ നേടി. ധുരി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ 58,206 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാന്‍ വിജയിച്ചത്.