തന്നെ മോശമാക്കി വീഡിയോ ചിത്രീകരിച്ചു: ഭാവന; പുറത്ത് പറഞ്ഞത് അത് വച്ചുള്ള ഇടപെടലുകള്‍ ഒഴിവാക്കാന്‍; വിഷ്വല്‍ മീഡിയയില്‍ വരാത്തത് കേസ് നടക്കുന്നതിനാല്‍

തന്റെ ജീവിതം ഒരാള്‍ക്ക് വേണ്ടിയും അടിയറവ് വയ്ക്കില്ലെന്ന് നടി ഭാവന. തന്നെ മോശമാക്കി വീഡിയോ ചിത്രീകരിച്ച ത് പുറത്ത് പറഞ്ഞത് അത് ഉപയോഗിച്ചുള്ള ചൂഷണത്തില്‍ നിന്നും മുക്തി നേടാനാണെന്നും നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന തന്റെ നിലപാടുകള്‍ വിവരിക്കുന്നത്.

അഭിമുഖത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ: എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായി. എന്നെ തട്ടിക്കൊണ്ടുപോകുന്നു. എന്നെ മോശമാക്കി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്ത് പറയാത്തിരിക്കും. ഇതു മൂടി വച്ചാല്‍ നാളെ എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കാം. ഞാന്‍ എങ്ങനെയാണ് മനസറിഞ്ഞ് ചിരിക്കുന്നത്. എങ്ങനെയാണ് ഉറങ്ങുന്നത്. എങ്ങനെയാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ വച്ച് അവന് എന്റെ ജീവിതത്തില്‍ എങ്ങനെ വേണമെങ്കിലും ഇടപെടാം. അങ്ങനെ എന്റെ ജീവിതത്തിന്റെ താക്കോല്‍ എവിടെയോ കിടക്കുന്ന ഒരുത്തന് കൊടുക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ ഇത്രയും പ്രായമുള്ള ഒരാളാണ്. വെറും കുട്ടിയല്ല. എന്നെ, എന്റെ അമ്മയോ ഭര്‍ത്താവോ സഹോദരനോ നിയന്ത്രിച്ചോട്ടെ. അതെനിക്ക് പ്രശ്‌നമില്ല. ഇത് ഏതോ ഒരുത്തന്‍ വന്ന് എന്റെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. എനിക്കെന്നല്ല ആര്‍ക്കും പ്രതികരിക്കാതിരിക്കാനാവില്ല. കേരളത്തില്‍ എന്തൊക്കെയാണു സംഭവിക്കുന്നത്. ജിഷ, സൗമ്യ, പാലക്കട്ടെ രണ്ടു കുട്ടികള്‍, കുണ്ടറയിലെ കൊച്ചുകുട്ടി. കേള്‍ക്കുന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നതാണ്. പിന്നെ ഇതുപോലെ പീഡിപ്പിക്കപ്പെടുന്ന എത്രയോ കുട്ടികളുണ്ടാവും. പുറത്തുപറയാന്‍ പേടിച്ച് ജീവിക്കുന്നവര്‍. അവരോക്കെ എങ്ങനെയാണു ജീവിക്കുന്നതെന്ന് എനിക്കു മനസിലാവുന്നില്ല. എത്രയോ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു. ഇതിന്റെയൊക്കെ പിന്നില്‍ എന്താണ്?

നാളെ ഇതൊക്കെ മറന്നേക്കാം. മാധ്യമങ്ങളും മറന്നേക്കാം. പക്ഷെ, ഫെബ്രുവരി 17ന് എന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവം ആരോക്കെ മറന്നാലും ഞാനും എന്റെ കുടുംബവും ഒരു കാലത്തും മറക്കില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിവാഹനിശ്ചയദിവസം എന്നെ കാണാന്‍ വന്നിരുന്നു. ചടങ്ങു നടക്കുന്നത് അറിയാതെയാണ് അവര്‍ വന്നത്. ഏറ്റവും സന്തോഷമായിരിക്കേണ്ട ദിവസവും അവര്‍ക്കായി മണിക്കൂറുകള്‍ മാറ്റിവെച്ചു. കേസ് എത്രയും പെട്ടെന്ന് കോടതിയിലെത്തിച്ച് പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ വാങ്ങികൊടുക്കയാണ് എന്റെ ലക്ഷ്യം. ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല, കേസ് നടക്കുന്നതു കൊണ്ടു മാത്രമാണ് വിഷ്വല്‍ മീഡിയായിലൊന്നും പോകാത്തത്.

Top