വിവാഹത്തിന് ക്ഷണിച്ചില്ല; കാരണം ഇന്നസെന്‍റെ് പറയുന്നു…

തൃശൂര്‍: നടി ഭാവനയുടെ വിവാഹത്തിനു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെ ക്ഷണിച്ചില്ലെന്നത് സ്ഥിരീകരിച്ചു. വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു അദ്ദേഹം തന്നെ വ്യക്തമാക്കി. ക്ഷണിക്കാത്തതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ തലപ്പത്തുള്ള ആരേയും നടി വിവാഹത്തിന് ക്ഷണിച്ചില്ല. മുകേഷ്, ഗണേശ് കുമാര്‍ തുടങ്ങി ആരേയും കല്ല്യാണത്തിന് കണ്ടില്ല. ഇത് വലിയ ചര്‍ച്ചയായി. ഇതിനിടെയാണ് തന്നെ ക്ഷണിച്ചില്ലെന്ന് ഇന്നസെന്റ് തന്നെ വ്യക്തമാക്കിയത്. ഇന്നസന്റെും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള ‘അമ്മ’ ഭാരവാഹികള്‍ക്കാണ് വിവാഹത്തിന് ക്ഷണമില്ലാതിരുന്നത്. അമ്മ ഭാരവാഹികളില്‍ ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെ ചടങ്ങിലേക്കാണ് മമ്മൂട്ടി എത്തിയത്. ചടങ്ങില്‍ നിറഞ്ഞത് മഞ്ജു വാര്യരായിരുന്നു. തന്റെ ചില സംവിധായകരെ പോലും ഭാവന ക്ഷണിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. അമ്മയിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതാണ് ഈ വിവാഹവും. സംവിധായകന്‍ ആഷിക് അബു, കലാഭവന്‍ ഷാജു, പൃഥ്വിരാജ്, മനോജ് കെ. ജയന്‍, അനൂപ് മേനോന്‍, ടൊവീനോ തോമസ്, മനോജ് കൃഷ്ണ, ബൈജു കൊട്ടാരക്കര, നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ വൈകീട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെ ചടങ്ങിനെത്തി. മഞ്ജുവാര്യര്‍, നവ്യ നായര്‍, റിമ കല്ലിങ്കല്‍, ഭാമ, രചന നാരായണന്‍കുട്ടി, മിയ, ലെന, ഷംന കാസിം, ശരണ്യ, ലക്ഷ്മി പ്രിയ, ആര്യ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര തുടങ്ങിയവരെല്ലാം ചടങ്ങുകളില്‍ അടിമുടി നിറഞ്ഞു. കഴിഞ്ഞ ദിവസം നെടുമുടി വേണു ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു. കെപിഎസി ലളിതയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി. ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റെല്ലാ തിരക്കും മാറ്റി വച്ചാണ് മഞ്ജു വാര്യരും കൂട്ടരുമെത്തിയത്. മഞ്ജു വാര്യരും നവ്യാ നായരും ഒരുമിച്ചാണ് വിവാഹ വേദിയിലേക്ക് എത്തിയത്. വിമന്‍ ഇന്‍ സിനിമാ കളക്ടവീലെ അംഗങ്ങളും ഭാവനയുടെ വിവാഹം ആഘോഷമാക്കി.

Top