പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത്; ഇന്നസെന്റ് 

രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ഞാന്‍ മേരിക്കുട്ടിയെ പുകഴ്ത്തി നടനും എംപിയുമായ ഇന്നസെന്റ്. ജയസൂര്യയോടൊപ്പം ഫെയ്‌സ്ബുക്ക് ലൈവിലെത്തിയാണ് സിനിമയെക്കുറിച്ച് ഇന്നസെന്റ് അഭിപ്രായം പറഞ്ഞത്. മേരിക്കുട്ടി എന്ന സിനിമയില്‍ താന്‍ ചെയ്ത കഥാപാത്രം നന്നായി എന്ന് പറയുന്നതിനെക്കാള്‍ ചിത്രം നന്നായിരിക്കുന്നുവെന്ന് ആളുകള്‍ പറയുന്നു. തിയേറ്ററില്‍ സിനിമ കണ്ട് ആളുകള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു. കാണികളുടെ മനഃസംതൃപ്തിയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. ’12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനൊരു ചിത്രം തിയേറ്ററില്‍ പോയി കാണുന്നത്. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം ആയിരുന്നു ഏറ്റവും ഒടുവില്‍ തിയറ്ററില്‍ പോയി കണ്ട ചിത്രം. ബാക്കിയുള്ള സിനിമകള്‍ കാണാതിരുന്നത് ആ സിനിമകളോടുള്ള വിഷമം ആയിരുന്നില്ല. അതിന് ശേഷം ഭേദപ്പെട്ട റോളുകള്‍ ചെയ്ത സിനിമകള്‍ ഉണ്ടായില്ല. അതിനാല്‍ പോയില്ല,’ ഇന്നസെന്റ് പറയുന്നു.

നമ്മുടെ സമൂഹത്തിലെ ട്രാന്‍ജന്‍ഡറായിട്ടുള്ള വ്യക്തികളെക്കുറിച്ച് അറിവ് പകരുന്നതാണ് ചിത്രമെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു. സംവിധായകനെയും ചിത്രത്തില്‍ അഭിനയിച്ച എല്ലാ താരങ്ങളെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. രഞ്ജിത്ത് ശങ്കറിന്റെ അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ ജില്ലാ കലക്ടറിന്റെ പരിചാരകന്റെ വേഷം ചെയ്ത സുരാജ്, രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഞാന്‍ മേരിക്കുട്ടിയില്‍ കലക്ടറായാണ് എത്തുന്നത്. ഇക്കാര്യം എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഇന്നസെന്റ് സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സുരാജ് ആ വേഷം ചെയ്യുന്നത് കണ്ടിട്ട് എനിക്ക് പോലും അസൂയ തോന്നി. അത്രയ്ക്കും നന്നായിട്ടാണ് അദ്ദേഹം ആ വേഷം ചെയ്തിരിക്കുന്നത്,’ ഇന്നസെന്റ് പറഞ്ഞു. ജോജു, അജു വര്‍ഗീസ്, ശിവജി ഗുരുവായൂര്‍ എന്നിങ്ങനെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ ചെയ്തവരെയും ഇന്നസെന്റ് പ്രത്യേകം അഭിനന്ദിച്ചു.

Top