റായ്പുര്‍: ആശങ്കകളും അനിശ്ചിതത്വങ്ങളും അവസാനിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലിനെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ ബാഗലിനെ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുഖ്യമന്ത്രി പദത്തിനു വേണ്ടി നാലുപേര്‍ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഛത്തീസ്ഗഡില്‍ പ്രഖ്യാപനം വെകിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും വിജയിച്ച സംസ്ഥാനങ്ങളിലൊക്കെ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ബുദ്ധിമുട്ടിയിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, മുന്‍ പ്രതിപക്ഷ നേതാവ് ടി.എസ് സിംങ്‌ദോ, പിന്നാക്ക വിഭാഗം നേതാവ് തമരദ്വജ് സാഹു, മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ചരണ്‍ദാസ് മഹന്ദ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചത്. ഈ നാലുപേരും വിട്ടുവീഴ്ചയില്ലാതെ നിലപാടില്‍ ഉറച്ചു നിന്നതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും പ്രതിസന്ധിയിലായി.
90 അംഗ നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചത്. മധ്യപ്രദേശില്‍ കമല്‍നാഥിനേയും രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിനേയും മുഖ്യമന്ത്രിമാരായി നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.