ബിജെപിക്ക് രാമന്‍, സമാജ് വാദി പാര്‍ട്ടിക്ക് വിഷ്ണു, കോണ്‍ഗ്രസിന് ശിവന്‍..ദൈവങ്ങളെ കൂട്ടുപിടിച്ച് വിവിധ പാര്‍ട്ടികള്‍

ഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദൈവങ്ങളെ കൂട്ടുപിടിച്ച് വിവിധ പാര്‍ട്ടികള്‍.ബിജെപിക്ക് രാമന്‍, സമാജ് വാദി പാര്‍ട്ടിക്ക് വിഷ്ണു, കോണ്‍ഗ്രസിന് ശിവന്‍..സകല ദൈവങ്ങളെയും കൂട്ടു പിടിച്ചിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ഉത്തര്‍പ്രദേശില്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഹിന്ദു രാഷ്ട്രീയം പല തവണ പയറ്റിത്തെളിഞ്ഞ സംഘപരിവാറിനൊപ്പത്തിനൊപ്പമാണ് കോണ്‍ഗ്രസും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. പ്രചരണങ്ങളിലെ മുഖ്യ ആയുധവും ഇന്ത്യന്‍ ദൈവങ്ങള്‍ തന്നെയാണ്.

രാമനിലാണ് ബിജെപി അഭയം പ്രാപിച്ചിരിക്കുന്നത്. ഭഗവാന്‍ മഹാവിഷ്ണുവിനെ കൂടെ കൂട്ടിയിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി. അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രചരണ പോസ്റ്ററുകളില്‍ ശിവലിംഗവും വാക്യങ്ങളും നിറഞ്ഞു നില്‍ക്കുന്നു. എല്ലാവരും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തുന്നത് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ്.

കൈലാസ് മാനസരോവര്‍ യാത്ര കഴിഞ്ഞെത്തിയ രാഹുല്‍ ഗാന്ധി തികഞ്ഞ ശിവഭക്തനായി മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേഠി മണ്ഡലത്തില്‍ അദ്ദേഹം നടത്തിയ റാലിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗവും ശിവഭക്തരായിരുന്നു. അവരുടെ വസ്ത്രധാരണങ്ങള്‍ പോലും ശിവ രാഷ്ട്രീയം പയറ്റാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സാധിച്ചു എന്നു മനസ്സിലാക്കുന്നതായിരുന്നു. അദ്ദേഹത്തിന് അത് നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണമാണ് ബിജെപിയുടെ പ്രധാനപ്പെട്ട പ്രചരണ ആയുധം. ആര്‍എസ്എസും ഇതിനോട് അനുകൂല പ്രസ്ഥാവനകളുമായി ആ ദിവസങ്ങളില്‍ രംഗത്ത് വരുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തര്‍ പ്രദേശിലെ ഗ്രാന്റ് സിറ്റിയ്ക്ക് മഹാവിഷ്ണുവിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു. അവിടെ പ്രത്യേക ക്ഷേത്രം പണിയാനും പാര്‍ട്ടിയ്ക്ക് ആലോചനയുണ്ട്. രാമനും കൃഷ്ണനും വിഷ്ണുവിന്റെ അവതാരങ്ങളായതിനാല്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ വിഷ്ണുവിന്റെ പേരില്‍ നഗരം തന്നെ പണിയും എന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം.

കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനത്തില്‍ രാഹുല്‍ അമ്പലം സന്ദര്‍ശിക്കുകയും ചന്ദനം തൊടുകയും ചുവന്ന തിലകം ചാര്‍ത്തുകയും ചെയ്തിരുന്നു. കഴുത്തിലൂടെ തുണി ചുറ്റി അദ്ദേഹം പൂജകളില്‍ പങ്കെടുക്കുകയും ചെയ്തു.ഹിന്ദു വിഭാഗങ്ങള്‍ വളരെയധികം ഉള്ള സംസ്ഥാനത്ത് ഇവരുടെ പരിഗണനകള്‍ മുഖവിലയ്‌ക്കെടുത്ത് പ്രചരണം ചൂട് പിടിപ്പിക്കുകയാണ് എല്ലാ പാര്‍ട്ടികളും. 80 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. 2014ല്‍ 71 സീറ്റിലാണ് ഇവിടെ വിജയിച്ചത്. അപ്നാ ദളിന് 2 സീറ്റും ലഭിച്ചു. അതേസമയം, സമാജ്‌വാദി പാര്‍ട്ടിയ്ക്ക് 5 സീറ്റുകളും കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റുകളുമാണ് നേടാനായത്.

Top