ഭരണത്തിലിരിക്കുന്നവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ട്.എല്ലാം തുറന്നുപറഞ്ഞാല്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്ടി വരും – ബിജു രാധാകൃഷ്ണന്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍. സോളാര്‍ കേസിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ മൊഴി നല്‍കുകയായിരുന്നു ബിജു രാധാകൃഷ്ണന്‍. വാഗ്‌ദാനങ്ങള്‍ നല്‍കി ഭരണപക്ഷത്തുള്ളവര്‍ സ്‌ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്‌തിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കാന്‍ തന്നെ അനുവദിക്കണമെന്നും സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കവേ ബിജു രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന ചിലരുടെ വാദം തെറ്റാണ്. ഖജനാവിലെ പണവും അധികാരവും ദുരുപയോഗം ചെയ്ത് പല പ്രമുഖരും സര്‍ക്കാര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് തങ്ങളുമായി പങ്കാളിത്ത വ്യവസ്ഥയില്‍ കോടികള്‍ കൈപ്പറ്റിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യങ്ങളെല്ലാം പുറത്തുപറഞ്ഞാല്‍ പലരും രാജിവെയ്‌ക്കേണ്ട അവസ്ഥയാകുമെന്നും ബിജു പറഞ്ഞു. സോളാര്‍ കമ്മിഷനു മുന്നില്‍ താന്‍ എണ്‍പതുശതമാനം കാര്യങ്ങളും ബോധിപ്പിച്ചിട്ടില്ല. ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തന്നെ രണ്ടര വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കാമെന്ന വാഗ്ദാനം നല്‍കിയാണ് വായ അടപ്പിച്ചിരിക്കുന്നത്.

അമ്മയെയും ശാലു മേനോനെയും ഒരു കാരണവുമില്ലാതെ ജയിലിലടച്ചു. അവരെ പോലീസ് വീണ്ടും പീഡിപ്പിക്കുമെന്ന ഭയമുണ്ട്. ഭാര്യ രശ്മി മരിക്കുമ്പോള്‍ മൂന്നര വയസ്സുകാരനായിരുന്ന മകന്‍ അന്നുമുതല്‍ ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. അവരുടെ നിര്‍ബന്ധ പ്രകാരമാണ് തനിക്കെതിരെ മകന്‍ മൊഴി നല്‍കിയത്. 23 ന് തന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് 24-നു ശേഷമുള്ള ഏതെങ്കിലും ദിവസം കമ്മിഷനില്‍ ഹാജരാകാന്‍ അനുമതി നല്‍കണമെന്നും ബിജു ആവശ്യപ്പെട്ടു.

പ്രധാനമായും ആറ് കാര്യങ്ങളാണ് തനിക്ക് ഇപ്പോള്‍ ബോധിപ്പിക്കാനുള്ളതെന്ന് ബിജു കമ്മിഷന് നല്‍കിയ അപേക്ഷയില്‍ പറയുന്നു. സോളാര്‍ കേസ് മൂലം സര്‍ക്കാറിനുണ്ടായിട്ടുള്ള നഷ്ടം, എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ച, ശാലു മേനോനുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളാണ് വെളിപ്പെടുത്താനുള്ളതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. ബിജുവിന്റെ അപേക്ഷ പരിഗണിച്ച് വിസ്താരം നീട്ടിവെയ്ക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു. ഇതനുസരിച്ച് നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ ബിജുവിനെ ഹാജരാക്കാനാവശ്യപ്പെട്ട് നോട്ടീസയയ്ക്കാനും കമ്മിഷന്‍ തീരുമാനിച്ചു.

Top