കേരളാ കോൺഗ്രസിനെ പുറത്താക്കിയ നീക്കം ഉമ്മൻചാണ്ടി അറിയാതെ.അതൃപ്‌തി പുറത്ത് കാട്ടാതെ മുൻ മുഖ്യമന്ത്രി.

കോട്ടയം : ഐക്യജനാധിപത്യ മുന്നണിയുടെ നെടും തൂണായിരുന്ന കെ.എം മാണിയുടെ കേരള കോൺഗ്രസ് (എം ) ജോസ് വിഭാഗത്തെ യുഡിഫിൽ നിന്ന് പുറത്താക്കിയത് മുൻ മുഖ്യമന്ത്രി  ഉമ്പൻ ചാണ്ടി അറിയാതെ !.. യു.ഡി.എഫിൽ നിന്ന് തങ്ങളെ പുറത്താക്കിയ വാർത്ത കേരളാ കോൺഗ്രസ് മാണി വിഭാഗം ഞെട്ടലോടെയാണ് സ്വീകരിച്ചത്. ജോസ് കെ മാണി വിഭാഗം നേതാക്കളുടെ ആദ്യ പ്രതികരണങ്ങളിൽ അത് പ്രകടമായിരുന്നു. വാർത്ത പുറത്ത് വന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജോസ് വിഭാഗം എം.എൽ.എ റോഷി അഗസ്റ്റിൻ പറഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയും ഉമ്മൻചാണ്ടിയോട് ഒരുമണിക്കൂറിലേറെ ഫോണിൽ സംസാരിച്ചെന്നാണ്. ഉമ്മൻചാണ്ടിയുടെ അറിവോടെയല്ല പുറത്താക്കൽ നടപടിയെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ ഒരുപക്ഷം നേതാക്കന്മാർ ഇപ്പോഴും കരുതുന്നത്. എന്നാൽ ഈ വിഷയത്തിൽ ഒരു പൊതു പ്രസ്താവനയ്ക്ക് ഉമ്മൻചാണ്ടി ഇതുവരെയും തയ്യാറായിട്ടില്ല

കോൺഗ്രസിൽ എ – ഗ്രൂപ്പ് മാനേജർ എന്ന് അറിയപ്പെടുന്ന യു.ഡി.എഫ് കൺവീനർ കൂടിയായ ബെന്നി ബഹന്നാൻ കുറച്ച് കാലമായി ഉമ്മൻചാണ്ടിയുമായി അടുപ്പത്തിലല്ല. എ – ഗ്രൂപ്പിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടിക്കുള്ളിലും പുറത്തും വലിയ ചരടുവലികൾ നടത്തിയിരുന്ന ബെന്നിയുടെ സംസ്ഥാനരാഷ്ട്രീയത്തിൽ നിന്ന് പാർലമെറ്റിലേക്കുള്ള മടക്കം ഉമ്മൻചാണ്ടിയെ ഞെട്ടിച്ചിരുന്നു.  ഉമ്മൻചാണ്ടി ബെന്നി ബെഹനാനെ നേരിട്ട് തന്നെ വിയോജിപ്പ് അറിയിച്ച് എന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ തന്നെയുള്ള സംസാരം. ബെന്നിക്ക് പാർലമെന്റ് സീറ്റ് നൽകുന്നതിൽ അന്ന് രമേശ് ചെന്നിത്തലയും താല്പര്യം എടുത്തിരുന്നു.
ഇപ്പോൾ കേരളാ കോൺഗ്രസിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കാനുള്ള നീക്കവും രമേശ് ചെന്നിത്തലയും ബെന്നി ബഹനാനും ചേർന്ന് ഉമ്മൻചാണ്ടിയോട് ആലോചിക്കാതെ എടുത്തതാണെന്നാണ് പറയപ്പെടുന്നത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലും കെ.എസ്.യു പ്രസിഡന്റ് അഭിജിത്തും ഉൾപ്പെടെയുള്ള യുവജന – വിദ്യാർത്ഥി നേതൃത്വത്തിന് ഗ്രൂപ്പിന് അതീതമായ നിലപാടാണ് ഉള്ളത്.
പഴയ എ- ഗ്രൂപ്പ് മാനേജർ ബെന്നി ബഹനാൻ കൂടി രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ഐ – ഗ്രൂപ്പ് പക്ഷത്തേക്ക് മാറുന്നതോടുകൂടി ഉമ്മൻചാണ്ടി ഗ്രൂപ്പിന്റെ ഭാവി എന്താകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. എന്തായാലും കോൺഗ്രസിലെ പുതിയ നീക്കങ്ങൾ ഉമ്മൻചാണ്ടിയുടെ വിഭാഗത്തിന്റെ മുഖ്യമന്ത്രി മോഹത്തിന് കനത്ത തിരിച്ചടിയാണെന്നത് ഉറപ്പാണ്.
Top