കോടികളുടെ ബിനാമി നിക്ഷേപവുമായി കോ ഓപ്പറേറ്റീവ് ബാങ്കുകൾ; ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ ബാങ്ക് കുടുങ്ങും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കള്ളപ്പണം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തെ തുടർന്നു കുടുങ്ങിയത് സഹകരണ ബാങ്കുകൾ. ഓരോ ദിവസവും നടത്തുന്ന പരിശോധനയിൽ ഓരോ സഹകരണ ബാങ്കുകളിൽ നിന്നും കോടികളുടെ കള്ളപ്പണമാണ് ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കണ്ടെത്തുന്നത്.
തലസ്ഥാന ജില്ലയിലെ സഹകരണബാങ്കുകളിൽ കണ്ടെത്തിയ ചില നിക്ഷേപങ്ങൾക്ക് നാഥനില്ലെന്ന് ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ സൂചന ലഭിച്ചിരിക്കുന്നത്. കൃത്യമായ മേൽവിലാസമില്ലാതെ ബാങ്കുകൾ സ്വീകരിച്ചിരിക്കുന്ന ഈ നിക്ഷേപങ്ങളുടെ അക്കൗണ്ടുകൾ ഉന്നതരുടെ ബിനാമി ഇടപാടുകളാണെന്നാണ് നിഗമനം. ഒരു ബാങ്കിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ബിനാമി നിക്ഷേപത്തെക്കുറിച്ച് ഇന്നലെ മംഗളം റിപ്പോർട്ടു ചെയ്തിരുന്നു.
തലസ്ഥാനത്തെ ഒരു ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ കോടികളുടെ കള്ളപ്പണനിക്ഷേപം കണ്ടെത്തിയതിനെത്തുടർന്ന് ആദായനികുതിവകുപ്പ് വ്യാപകമായി വല വീശിയിട്ടുണ്ട്. ഉന്നതർ പലരും കുടുങ്ങുമെന്നാണ് സൂചന. ബാങ്കുകളിൽ ഇതിനോടകം റെയ്ഡ് നടന്നു. ഭരണകക്ഷിയിലെ പ്രമുഖനായ ഉന്നത രാഷ്ട്രീയ നേതാവിനു പത്തുകോടിയോളം രൂപയുടെ അവിഹിതനിക്ഷേപമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ആരോപണ വിധേയനായ രാഷ്ട്രീയ നേതാവിന്റെ ഭാര്യാസഹോദരന്റെ പേരിലും ബിനാമി അക്കൗണ്ടുകളുണ്ടെന്നു ആദായനികുതി വകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു.
നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ച ദിവസവും തുടർന്നുള്ള ദിവസങ്ങളിലുമാണ് സഹകരണബാങ്കുകളിൽ വൻതോതിൽ പണം നിക്ഷേപിച്ചത്. ബാങ്കുദ്യോഗസ്ഥരുടെ അറിവില്ലാതെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനാവില്ല. തിരിച്ചറിയൽ സംവിധാനമായ കെ.വൈ.സി. സഹകരണബാങ്കുകൾക്ക് ബാധകമാണെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ അതൊന്നും പാലിക്കപ്പെട്ടില്ല. ഉണ്ടെങ്കിൽതന്നെ വ്യാജ തിരിച്ചറിയൽ രേഖകളായിരിക്കണം ഉപയോഗിക്കപ്പെട്ടത്. ഇതും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അന്വേഷണപരിധിയിലുള്ള ബാങ്കുകൾക്ക് തിരുവനന്തപുരത്ത് നിരവധി ശാഖകളുണ്ട്. ഇവയിലെ അക്കൗണ്ടുകളെല്ലാം പരിശോധിക്കേണ്ടിവരുമെന്നുള്ളതുകൊണ്ട് അധികൃതർ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ബിനാമി അക്കൗണ്ടുകളെക്കുറിച്ച് കേന്ദ്രസംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആദായനികുതി വകുപ്പിനു കത്തെഴുതുമെന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top