കൊച്ചി:ശബരിമല ദര്‍ശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് എത്തിയ ബിന്ദു അമ്മിണിക്ക് നേരെ നടന്നത് മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണം. ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയില്‍ പോകുവാന്‍ വേണ്ടിയാണ് ബിന്ദു അമ്മിണി എത്തിയത്. സുരക്ഷ ആവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫിസില്‍ എത്തിയ തൃപ്തിക്കൊപ്പം ബിന്ദു അമ്മിണിയും സംഘത്തിലുണ്ടായിരുന്നു.
കമ്മീഷണര്‍ ഓഫിസില്‍ നിന്നും കാറിലുളള ഫയല്‍ എടുക്കാനായി ബിന്ദു പുറത്തുവന്നപ്പോളാണ് ബിജെപി നേതാക്കള്‍ അടങ്ങുന്ന പുരുഷന്‍മാരുടെ സംഘം പ്രകോപനപരമായി ആക്രോശിച്ച് കൊണ്ട് അടുത്ത് എത്തിയത്. കാറില്‍ നിന്നും ഫയല്‍ എടുത്ത് മടങ്ങവെ ഇവരുടെ കൂട്ടത്തിലുളള കാവിമുണ്ട് ധരിച്ച ഒരാള്‍ ബിന്ദുവിന്റെ അടുത്തെത്തി മുഖത്തേയ്ക്ക് പെപ്പര്‍ സ്പ്രേ അടിക്കുകയായിരുന്നു. ഇയാളെ തളളിമാറ്റി ബിന്ദു അമ്മിണി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിറകെ എത്തിയ ഇയാള്‍ വീണ്ടും സ്പ്രേ പ്രയോഗിച്ചു. ഈ സമയത്ത് സംഘത്തിലുണ്ടായിരുന്നവര്‍ ആവേശത്തോടെ ശരണം വിളിക്കുകയായിരുന്നു.
24 മണിക്കൂറും പൊലീസ് സുരക്ഷയുളള കമ്മീഷണര്‍ ഓഫിസിന് മുന്‍വശത്ത് വെച്ചായിരുന്നു ഈ ആക്രമണം. ബിന്ദുവിനെ ഇവര്‍ ആക്രമിക്കുമ്പോള്‍ ഒരു പൊലീസുകാരന്‍ പോലും സമീപത്തുണ്ടായിരുന്നില്ല. ബിജെപി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന സി.ജി രാജഗോപാല്‍, ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പെപ്പര്‍ സ്പ്രേ അടിക്കുകയും മുഖത്ത് മുളകുപൊടി വാരി തേക്കുകയും ചെയ്‌തെന്നാണ് ബിന്ദു അമ്മിണി പൊലീസിനെ അറിയിച്ചത്.
പെപ്പര്‍ സ്പ്രേ അടിച്ചതിലും കയ്യേറ്റ ശ്രമത്തിനും ഹിന്ദു ഹെല്‍പ്പ് ലൈന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പദ്മനാഭനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷവും ബിന്ദു അമ്മിണിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുപോയപ്പോള്‍ സമരക്കാര്‍ ഇവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കമ്മീഷണര്‍ ഓഫിസില്‍ നിന്ന് പുറത്തിറക്കി മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ബിന്ദു അമ്മിണിയുളളത്.