തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക കുറ്റം സങ്കീർണമാകുന്നു. പണം കൊടുത്ത് ഒത്ത് തീർപ്പിന് ശ്രമിച്ച വ്യവസായി രവിപ്പിള്ള കോടിയേരിയെ കൈവിട്ടപ്പോള്‍ സഹായവുമായി കാസര്‍ഗോഡു നിന്നുള്ള പ്രമുഖ വ്യവസായി എത്തിയെന്ന് സൂചന. ഇയാള്‍ 1.72 കോടി രൂപ ബിനോയിക്ക് വേണ്ടി നല്‍കും എന്നാണ് സൂചന. ഇത് സംബന്ധിച്ച് ധാരണയായതിനെ തുടര്‍ന്ന് കേസ് തീര്‍ക്കാനായി പരാതിക്കാരനായ യു.എ.ഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നേരത്തെ കോടിയേരിയും ഇത്തരത്തിലൊരു ഉറപ്പ് മര്‍സൂഖിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മര്‍സൂഖി യുഎഇയിലേക്ക് മടങ്ങിയത്. കേസ് ഒത്തുതീര്‍പ്പാക്കാനായി നേരത്തെ രവി പിള്ള പണം നല്‍കിയിരുന്നു. എന്നാല്‍ ഈ പണം മര്‍സൂഖിയുടെ കൈയ്യിലെത്തിയില്ല. ഇതേത്തുടര്‍ന്നാണ് ഇനി പണം നല്‍കാനാകില്ലെന്ന് രവിപ്പിള്ള തറപ്പിച്ചു പറഞ്ഞത്. ഗോകുലം ഗോപാലനും കോടിയേരിയെ കൈയ്യൊഴിഞ്ഞു. ഈ അവസരത്തിലായിരുന്നു കാസര്‍ഗോഡുകാരന്‍ വ്യവസായിയുടെ രംഗപ്രവേശം.
കാസര്‍കോട് സ്വദേശിയായ വ്യവസായി ഉന്നത സിപിഎം നേതാവിന്റെ ബന്ധുവാണ്. ശേഷിക്കുന്ന 20 ലക്ഷം ദിര്‍ഹവുമായി ബന്ധപ്പെട്ടു രണ്ടു കേസുകള്‍ കൂടി ബിനോയ്ക്കെതിരെ ദുബായ് കോടതിയില്‍ കമ്പനി നല്‍കുമെന്നാണു പറയുന്നത്. ഇതിലും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയാല്‍ പ്രശ്നം സങ്കീര്‍ണമാകും. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കും 49 ശതമാനം മലയാളിയായ രാഹുല്‍ കൃഷ്ണയ്ക്കുമാണ്. കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന രാഹുല്‍ കമ്പനിയുടെ പേരില്‍ വായ്പയെടുത്താണു ബിനോയിക്കു നല്‍കിയത്. എന്നാല്‍, പണം തിരികെ കിട്ടാതെ വന്നതോടെ മര്‍സൂഖി നേരിട്ടു കാര്യങ്ങള്‍ ഏറ്റെടുത്തു. പലിശയടക്കം 13 കോടി രൂപ ബിനോയ് നല്‍കാനുണ്ടെന്നാണു കമ്പനി പറയുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്‍പ് പ്രശ്നം അവസാനിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് അണിയറയില്‍. ദുബായിലെ രണ്ടു പ്രമുഖ വ്യവസായികളും പ്രശ്നപരിഹാരത്തിനു രംഗത്തുണ്ട്.
ഈ മാസം ഒന്നു മുതലാണ് ബിനോയിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ബിനോയ് പണം തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അല്‍ മര്‍സൂഖി നല്‍കിയ പരാതിയിലാണ് നടപടി. 30 ലക്ഷം ദിര്‍ഹം വായ്പ നല്‍കിയതില്‍ 20 ലക്ഷം ദിര്‍ഹമാണ് തിരിച്ചു നല്‍കിയത്. ഇതില്‍ 10 ലക്ഷം ദിര്‍ഹം ബാക്കിയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് മര്‍സൂഖി ദുബായ് പൊലീസില്‍ പരാതി നല്‍കിയത്. വായ്പ നല്‍കിയതിന് ഈടായി നല്‍കിയ ചെക്ക് ഹാജരാക്കിയാണ് മര്‍സൂഖി കേസ് നല്‍കിയത്. കേസ് ഒത്തുതീര്‍പ്പായാല്‍ മാത്രമെ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകൂ. ഇത് സിപിഎമ്മിനേയും പ്രതിരോധത്തിലാക്കി. പാര്‍ട്ടി സമ്മേളനത്തില്‍ യെച്ചൂരിപക്ഷം കോടിയേരിക്കെതിരേ ഇത് ആയുധമാക്കുകയും ചെയ്തു.സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊല്‍ക്കത്തയില്‍ ബംഗാള്‍ സംസ്ഥാനസമിതിയില്‍ കോടിയേരിക്കെതിരേ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ഇതിനിടെയാണ് കേസിന് കാരണമായ 1.72 കോടി രൂപ ബിനോയ്ക്ക് വേണ്ടി നല്‍കാന്‍ തയ്യാറെന്ന് വ്യവസായി സമ്മതിച്ചത്.