മുംബൈ: പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിനോയ് രാജ്യം വിടാതിരിക്കാനാണ് പോലീസിന്റെ നടപടി.
മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ വിദേശത്തേക്ക് കടന്നേക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് മൂംബൈ പോലീസിന്റെ നീക്കം.കേസില്‍ ബിനോയിയെ അന്വേഷിച്ച് പോലീസ് കണ്ണൂരിലും തിരുവനന്തപുരത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബിനോയിയെ ചോദ്യം ചെയ്യുകയും ആരോപണം ഉന്നയിച്ചിരിക്കുന്ന യുവതിയുടെ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച പരിശോധനയ്ക്കുള്ള ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്താലേ കേസ് അന്വേഷണവുമായി പോലീസിന് മുമ്പോട്ടു പോകാനാകൂ. ബിനോയി ഒളിവില്‍ പോയതിനെ തുടര്‍ന്ന് മുംബൈ പോലീസ് തിരിച്ചുപോകുകയും ചെയ്തിരുന്നു.
അതിനിടയില്‍ ബിനോയി കോടിയേരി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. ബിനോയിയെ സംബന്ധിച്ച ഒരു സൂചനയും കിട്ടാത്ത സാഹചര്യത്തില്‍ വിദേശത്തേക്ക് കടന്നാല്‍ തടയുകയാണ് മുംബൈ പോലീസ് ലക്ഷ്യമിടുന്നത്. അതിനിടയില്‍ കേസില്‍ ബലാത്സംഗക്കുറ്റം നില നില്‍ക്കില്ലെന്നും വഞ്ചനാകുറ്റമേ നില നില്‍ക്കു എന്നാണ് പ്രതിഭാഗം പറയുന്നത്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടന്നിട്ടുണ്ട് എന്നതാണ് പ്രോസിക്യൂഷന്‍ വാദം. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന തന്നെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും അതില്‍ കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ വാദം.