സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും.

ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്‍റെമൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തിൽ മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുവരും. അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ദില്ലിയില്‍ എത്തിക്കും.

ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രായായി മൃതദേഹം ഡൽഹി കന്റോൺമെന്റിലെത്തിക്കും. ഡൽഹി ബ്രാർ സ്‌ക്വയറിലാണ് സംസ്‌കാരം നടക്കുക. ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് അസംബ്ലി നാളെ അനുശോചനം രേഖപ്പെടുത്തി പിരിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.

ദില്ലിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു.

തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിൻ റാവത്തിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കരവ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്. അപകടത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഇന്ന തന്നെ വിശദമായ പ്രസ്താവന രാജ്നാഥ് നടത്തുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും അത് ഇന്നത്തേക്ക് മാറ്റി . ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാനുള്ള സാഹചര്യം പരിഗണിച്ചാണിതെന്ന് സൂചനയുണ്ട്.

ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനും ഉള്‍പ്പെടുന്നു. അസി. വാറന്‍റ് ഓഫീസർ എ പ്രദീപ് ആണ് മരിച്ചത്. അറക്കൽ രാധാകൃഷ്‌ണന്‍റെ മകനായ പ്രദീപ് തൃശൂർ സ്വദേശിയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻറെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻറെ കുടുംബം.

Top