കൊച്ചി: പി.ടി.തോമസ് എംഎൽഎയുടെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക്. വീട്ടിൽനിന്ന് പുറപ്പെട്ട വിലാപയാത്ര തൊടുപുഴ വഴി കൊച്ചിയിലെത്തും. ഇന്നു പുലർച്ചെയോടെയാണ് മൃതദേഹം ജന്മനാടായ ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
മൃതദേഹം, കൊച്ചി പാലാരിവട്ടത്തെ വസതിയെത്തിച്ചതിനു ശേഷം രാവിലെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലും എറണാകുളം ടൗൺഹാളിലും ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4 വരെ കാക്കനാട് കമ്യൂണിറ്റി ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തിൽ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ കൊച്ചിയിൽ അന്ത്യാഞ്ജലി അർപ്പിക്കും.
അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോഗം കണ്ടെത്തിയത്.കണ്ണുകൾ ദാനം ചെയ്യണമെന്നും എറണാകുളം രവിപുരം പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്നും പി.ടി. തോമസ് അന്ത്യാഭിലാഷമായി പറഞ്ഞിരുന്നു.
ചിതാഭസ്മത്തിൻറെ ഒരു ഭാഗം ഉപ്പുതോടിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം. മൃതദേഹത്തിൽ റീത്ത് വയ്ക്കരുത്. അന്ത്യോപചാരസമയത്ത് വയലാറിൻറെ “ചന്ദ്രകളഭം ചാർത്തിയുറങ്ങുംതീരം’എന്ന ഗാനം ആലപിക്കണമെന്നും അന്ത്യാഭിലാഷത്തിൽ രേഖപ്പെടുത്തിയിരുന്നു.
തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളിൽനിന്ന് രണ്ടുതവണ വീതം എംഎൽഎയും ഇടുക്കിയിൽനിന്ന് ഒരുവട്ടം എംപിയുമായി. കോൺഗ്രസ് മുഖപത്രം വീക്ഷണത്തിൻറെ ചീഫ് എഡിറ്ററായും മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു. എംഎ, എൽഎൽബി ബിരുദധാരിയാണ്.
ഇടുക്കി ഉപ്പുതോട് പുതിയാപറമ്പിൽ തോമസ്-അന്നമ്മ ദന്പതികളുടെ മകനായി 1950 ഡിസംബർ 12ന് ജനനം. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കെഎസ്യുവിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980 മുതൽ കെപിസിസി, എഐസിസി അംഗമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെംബറായിരുന്നു.
1990ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991ലും 2001ലും തൊടുപുഴയിൽനിന്നും 2016ലും 2021ലും തൃക്കാക്കരയിൽനിന്നും നിയമസഭയിലെത്തി. 1996ലും 2006ലും തൊടുപുഴയിൽ പരാജയപ്പെട്ടു. 2009ൽ ഇടുക്കിയിൽനിന്നു ലോക്സഭാംഗമായി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും വേറിട്ടുനിന്നു. ഭാര്യ: ഉമ തോമസ് (ആസ്റ്റർ മെഡ്സിറ്റി). മക്കൾ: ഡോ. വിഷ്ണു, വിവേക് (നിയമവിദ്യാർഥി). മരുമകൾ: ഡോ. ബിന്ദു.