
കൊച്ചി: ബർത്ത് ഡേ പാർട്ടിയ്ക്കു ശേഷം സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, യുവതിയെ കടന്നു പിടിക്കുകയും, അതിക്രമിക്കുകയും ചെയ്ത ഹൈക്കോടതി ജീവനക്കാർ അടക്കം മൂന്നു പേർ പിടിയിൽ. കൊച്ചി നഗരമധ്യത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു യുവതിയ്ക്കു നേരെ അതിക്രമം ഉണ്ടായത്.
നടുറോഡിൽ യുവതിയോട് അതിക്രമം കാണിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ ജീവനക്കാർ അടക്കം മൂന്നുപേർ പോലീസ് പിടിയിൽ. കിഴക്കമ്പലം സ്വദേശി ഇളവുങ്കൽ വീട്ടിൽ ജിഫി എബ്രഹാം (37), ഹൈക്കോടതിയിലെ ജീവനക്കാരായ എടവനക്കാട് സ്വദേശി മാളിയേക്കൽ ജസ്റ്റിൻ (35), വടുതല സ്വദേശി പള്ളിയേടത്തു പി.എ. വൈസ് (33) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ചെ 1.15-ന് എറണാകുളം ചാത്യാത്ത് റോഡിലാണ് സംഭവം. ബെർത്ത് ഡേ പാർട്ടിയോടനുബന്ധിച്ച് സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ വന്ന യുവതിയെ പ്രതികൾ കാറിൽ പിന്തുടർന്നു. തടഞ്ഞുനിർത്തി വണ്ടിയിൽനിന്ന് വലിച്ചിറക്കി. യുവതിയെ അസഭ്യംപറഞ്ഞ് ദേഹത്ത് കടന്നുപിടിക്കുകയും ലൈംഗിക ബന്ധത്തിനായി ആവശ്യപ്പെടുകയുമായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു.