ജലന്ധര്‍ രൂപതാംഗമായിരുന്ന ഫാ.ബേസില്‍ മൂക്കന്‍തോട്ടത്തിലിനെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി സഹോദരന്റെ ആരോപണം. ജലന്ധര്‍ രൂപതയില്‍ എല്ലാ കൂദാശകളും വിലക്കപ്പെട്ട പാല ഇടപ്പാടി സ്വദേശി ഫാ.ബേസിലിനെ പുറത്താക്കിയ ഫ്രാങ്കോയുടെ ഉത്തരവില്‍ അനുസരണക്കേട് എന്ന ഒറ്റക്കാരണമാണ് പറയുന്നത്. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സഹോദരന്‍ ജോമോന്‍ ജോസഫ് ആരോപണമുന്നയിച്ചത്.
ജലന്ധര്‍ രൂപത ആദ്യ മെത്രാനായ സിംഫോറിയന്‍ തോമസ് കീപ്രത്തിന്റെ കാലംമുതല്‍ ഫാ.ബേസില്‍ അവിടെ ധ്യാനകേന്ദ്രം നടത്തിവരികയായിരുന്നു. 20,000 പേര്‍ക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാവുന്ന കേന്ദ്രമാണിത്. മെത്രാന്‍ തോമസ് കീപ്രത്തിന് ശേഷം മൂന്നാമതായെത്തിയ ഫ്രാങ്കോ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്എംജെ) എന്ന പേരില്‍ സ്വന്തമായി സന്ന്യാസ സഭ ആരംഭിച്ചു. മറ്റ് രൂപതകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇതില്‍ കൂടുതല്‍ പേരും. ഫാ. ബേസിലിനെ ഈ സഭയില്‍ ചേരാന്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തന്റെ ദൈവവിളി ജലന്ധര്‍ രൂപതയ്ക്ക് വേണ്ടിയെന്നായിരുന്നു ഫാ.ബേസിലിന്റെ നിലപാട്.
തുടര്‍ന്ന്, ധ്യാനകേന്ദ്രത്തില്‍ നിന്ന് ബലമായി പിടിച്ചുക്കൊണ്ടു പോയി രൂപത ആസ്ഥാനത്തെ മുറിയില്‍ പൂട്ടിയിട്ടെന്നും തങ്ങളെത്തി ബലമായാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്നും ജോമോന്‍ തോമസ് ആരോപിക്കുന്നു. തുടര്‍ന്ന് രൂപതയില്‍ നിന്ന് ഫാ.ബേസിലിനെ വിലക്കിയെങ്കിലും വിടുതല്‍ നല്‍കിയില്ല. സീറോമലബാര്‍ സഭയിലെ പാലാ രൂപതക്കാരനാണ് ഇദ്ദേഹം. അതിനാല്‍, പാലാ രൂപതയിലും വിലക്കി. ജലന്ധര്‍ രൂപതയില്‍ നിന്ന് വിടുതല്‍ നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമ്മതിച്ചിട്ടില്ലെന്നും ജോമോന്‍ തോമസ് പറഞ്ഞു. പഞ്ചാബിലെ സിറാവാലിയില്‍ സഹോദരന്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങുകയും ഫാ.ബേസിലിനായി ധ്യാനകേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. നിലവില്‍ ഇവിടെയാണ് ഇദ്ദേഹം കഴിയുന്നത്.