വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുന്നതിനായി ബിഷപ്പിനെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്തെ കന്യാസ്ത്രീകള്‍ നല്‍കിയ മൊഴികളും ബിഷപ്പിനെതിരായ സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
മിഷണറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിലെ നാലു കന്യാസ്ത്രീകളാണ് കഴിഞ്ഞദിവസം ബിഷപ്പിനെതിരേ മൊഴിനല്‍കിയത്. ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ ബിഷപ്പ് നടത്തിയിരുന്ന പ്രാര്‍ഥനാ പരിപാടിയില്‍ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തോട് സൂചിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ ചേദ്യം ചെയ്യുക. എന്നാല്‍ എവിടെവെച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം ബിഷപ്പിനെ ചോദ്യം ചെയ്യും എന്നറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റി വയ്ക്കുകയായിരുന്നു.
‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ ബിഷപ്പ് മാസത്തില്‍ ഒരിക്കല്‍ നടത്തിയിരുന്ന പ്രാര്‍ത്ഥന പരിപാടിയില്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ പരാതി പറഞ്ഞതായി നാല് വൈദികരും മൊഴി നല്‍കിയതായാണ് വിവരം. കന്യാസ്ത്രീകളെ ഏറെ വൈകിയും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നതായും പറയുന്നു. ബിഷപ്പ് ഹൗസിനടുത്തുള്ള പാസ്റ്ററല്‍ സെന്ററിലാണ് പ്രാര്‍ത്ഥനായജ്ഞം നടത്തിയിരുന്നത്. ഇവിടെ ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ബിഷപ്പിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. അന്വേഷണസംഘം രേഖാമൂലം നല്‍കിയ ചോദ്യാവലിക്ക് ബിഷപ്പ് നല്‍കിയ മറുപടിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും സൂചനയുണ്ട്.
അതേസമയം വിശ്വാസികളെ രംഗത്തിറക്കി ബിഷപ്പിനെതിരെയുള്ള നീക്കളെ പ്രധിരോധിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സമീപത്തുള്ള വില്ലേജുകളില്‍ നിന്നും മറ്റും വിശ്വാസികളെ ഇറക്കിയാണ് പ്രതിരോധം. വിശ്വാസികളെ സ്‌കൂള്‍ ബസ്സുകളില്‍ ഇറക്കുന്നുവെന്ന് പഞ്ചാബിലെ പ്രാദേശിക മാധ്യമം ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജലന്ധറില്‍ എത്തിയ അന്വേഷണ സംഘം മിഷണറീസ് ജീസസ് മദര്‍ ജനറാള്‍ റജീന അടക്കമുള്ള കന്യാസ്ത്രീകളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സന്യാസിനി സമൂഹത്തിന്റെ ഉപദേശക സമിതി അംഗങ്ങളില്‍ നിന്നാണ് ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘം മൊഴിയെടുത്തത്. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ നേരത്തെ മദര്‍ ജനറാല്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ കേരളത്തിലെത്തി പൊലീസ് സംഘത്തിന് മൊഴി നല്‍കിയിരുന്നു.
രൂപതയ്ക്കുള്ളില്‍ നടത്തിയ അന്വഷണത്തെ തുടര്‍ന്ന് നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് കന്യാസ്ത്രീയുടെ പരാതിക്ക് കാരണമെന്നാണ് ബിഷപ്പിന്റെ വാദം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നാണ് ബിഷപ്പ് പഞ്ചാബ് പൊലീസിനെ അറിയിച്ചത്.