ന്യൂദല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നു .ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ല എന്നാണ് ഉജ്ജ്വയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴി. പീഡനവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കന്യാസ്ത്രീ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഉജ്ജ്വയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.അതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ മാനസികമായി പീഡിപ്പിക്കുന്നതായി കന്യാസ്ത്രീ തന്നോട് നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം താന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടു.
ഇതിന്റെ ഭാഗമായി കോട്ടയം കുറുവിലങ്ങാട് മഠത്തില്‍ പോയി താന്‍ ചര്‍ച്ച നടത്തിയെന്നും സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.കേസില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ എത്തിയ സംഘം ഇന്നലെയാണ് വടക്കേലിന്റെ മൊഴി രേഖപ്പെടുത്തിയത്.അതേസമയം വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴി എടുക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിഷപ്പിനെതിരെ പോപ്പിനുള്ള പരാതി പ്രതിനിധിയ്ക്ക് നല്‍കിയെന്ന് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ ഡിവൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം മുന്‍അനുമതി ഇല്ലാതെയാണ് വത്തിക്കാന്‍ പ്രതിനിധി ദി മോസ്റ്റ് റെവറണ്ട് ഗിയാംബാറ്റിസ്റ്റാ ഡിക്വാത്രോയെ കാണാന്‍ പോയത്.എന്നാല്‍ അവധി ദിവസമായതിനാല്‍ അംബാസിഡറെ കാണാനാവില്ലെന്ന് പ്രതിനിധിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.